പാപ്പിനിശ്ശേരി ചുങ്കത്ത് അപകടക്കെണി ഒരുക്കി ഡിവൈഡറുകളും റിഫ്ലക്ടറുകളും
ദേശീയപാത പാപ്പിനിശ്ശേരി ചുങ്കത്ത് അപകട കെണി ഒരുക്കി ഡിവൈഡറുകളും റിഫ്ലക്ടറുകളും. വാഹന ഡ്രൈവർമാർക്ക് പെട്ടെന്ന് കാണാൻ ആവാത്ത രീതിയിലാണ് ഇവിടെ ഡിവൈഡർ ഉള്ളത്. അതിൽ സ്ഥാപിച്ച റിഫ്ലക്ടറുകൾ പലതും ഇളകി വീണ നിലയിലും ആണ് ഉള്ളത്. ദേശീയപാതയിൽ നിരവധി അപകടങ്ങൾ നടന്ന സ്ഥലം കൂടിയാണ് ഇത്. അപകടത്തിൽ പെടുന്നവരിൽ ഏറെയും ഇരു ചക്ര വാഹന യാത്രക്കാരുമാണ്. എന്നിട്ടും ദേശീയപാത അതോറിറ്റിയോ അധികൃതരോ ഈ വിഷയം വേണ്ട രീതിയിൽ കൈക്കൊള്ളുന്നില്ല.
പല അപകടങ്ങളിലും ഡിവൈഡർ തന്നെയാണ് വില്ലൻ ആയതും. എന്നിട്ടും ശരിയായ രീതിയിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കാനോ ഇളകിക്കിടക്കുന്ന റിഫ്ലക്ടറുകൾ പുനസ്ഥാപിക്കുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല. മെറ്റലുകൾ കൊണ്ട് നിർമ്മിച്ച റിഫ്ലക്ടറുകൾ ഇളകി റോഡിൽ തന്നെ കിടക്കുന്നതുകൊണ്ട് വാഹനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്. ഇവയിൽ വാഹനങ്ങളുടെ ടയറുകൾ കയറി ഇറങ്ങിയാൽ കേടുപാടുകൾ സംഭവിക്കും. മാത്രവുമല്ല ഇവയൊക്കെയും ചുങ്കം റോഡിൽ ട്രാഫിക് ക്യാമറയ്ക്ക് മുന്നിൽ തന്നെയാണ് ഉള്ളത്. വളപട്ടണം റോഡ് എല്ലായിപ്പോഴും ഗതാഗത കുരുക്ക് രൂക്ഷമായ ഇടം കൂടിയാണ്. ഇവിടെ നിന്നും വാഹനങ്ങൾ പഴയങ്ങാടി ജംഗ്ഷനിൽ എത്തുമ്പോഴേക്കും അവിടെ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിൽ തട്ടാനുള്ള സാധ്യതയും കൂടുതലാണ്. രാപ്പകൽ ഭേദമില്ലാതെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ മേഖലയിൽ ഇത്തരത്തിൽ അപകട സാധ്യതകൾ ഏറെ ഉണ്ടായിരുന്നിട്ടും ആരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.