പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം; യുവതി ഉള്‍പ്പെടെ നാല് പേർ പിടിയിൽ
കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭര്‍ത്താവ് ഉബൈസ്,പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞാണ് അബ്ദുള്‍ ഗഫൂറിന്റെ വീട്ടില്‍വെച്ച് പ്രതികള്‍ മന്ത്രാവാദം നടത്തിയതെന്ന് പൊലീസ് പറയുന്നു.സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം നല്‍കേണ്ടി വരുമെന്ന് കരുതിയാണ് കൊലപാതകം. 596 പവന്‍ സ്വര്‍ണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.
2023 ഏപ്രില്‍ 14 നാണ് അബ്ദുള്‍ ലഗഫൂറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സ്വഭാവിക മരണമായിരുന്നുവെന്നാണ് ബന്ധുക്കള്‍ കരുതിയത്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പിന്നീടാണ് വീട്ടില്‍ നിന്നും 596 പവന്‍ സ്വര്‍ണം നഷ്ടമായെന്ന കാര്യം ബന്ധുക്കള്‍ അറിഞ്ഞത്. ഇതോടെയാണ് മരണത്തില്‍ സംശയം ഉയര്‍ന്നത്. പിന്നാലെ അബ്ദുള്‍ ഗഫൂറിന്റെ മകന്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.മന്ത്രാവാദം നടത്തി വരുന്ന യുവതിക്കെതിരെ നാട്ടുകാരും കര്‍മ്മസമിതിയും ആരോപണം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തു. യുവതിയുമായി ബന്ധമുള്ള ചിലരുടെ അക്കൗണ്ടിലേക്ക് കൂടുതല്‍ പണം എത്തിയതാണ് പൊലീസിന് കൂടുതല്‍ സംശയത്തിന് ഇടവരുത്തിയത്.