കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

0

ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവർക്ക് നോട്ടീസ് അയച്ചു.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ വീടിന് മുന്നൂറ് മീറ്റർ അകലെയുള്ള തേക്കൻ കൂപ്പിൽ മേയാൻ വിട്ടിരുന്ന പശുവിനെ തിരികെ കൊണ്ടുവരാൻ പോയ അമർ ഇബ്രാഹിം എന്ന യുവാവിനെയാണ് കാട്ടാന ദാരുണമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.

അമറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൻസൂറിന് നേരെ മറ്റൊരാന പാഞ്ഞടുത്തെങ്കിലും തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെടുകയായിരുന്നു. വലതുകാലിന് ഒടിവ് സംഭവിച്ച മൻസൂർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇടുക്കി ജില്ലയിൽ ഈ വർഷം മാത്രം കാട്ടാന ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിട്ടും അധികൃതർ പുലർത്തുന്ന നിസ്സംഗതയിൽ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ ജില്ലയിലെ ന്യൂനപക്ഷങ്ങളടക്കമുള്ള ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാനാണ് അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *