ആഹാര സാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണം; ഹൈക്കോടതി
ഷവർമ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിർദേശങ്ങള്‍ കർശനമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്.കാസർകോട്ട് പ്ലസ് വണ്‍ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടർന്ന് മാതാവ് നല്‍കിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻ ഉത്തരവിലെ നിർദേശം കർശനമായി നടപ്പാക്കണം എന്ന് നിർദേശിച്ചത്.
മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നല്‍കിയത് കണക്കിലെടുത്ത് കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഹർജി നല്‍കിയതിനെ അഭിനന്ദിക്കുകയും ചെയ്തു.ഷവർമ നിർമിക്കുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഏപ്രില്‍മുതല്‍ ഒക്ടോബർവരെ നടത്തിയ പരിശോധനയില്‍ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ഹർജിക്കാരിക്ക് നഷ്ടപരിഹാരം നല്‍കുന്നത്, കേസ് പരിഗണിക്കുന്ന കാസർകോട് അഡീഷണല്‍ സെഷൻസ് കോടതി രണ്ടുമാസത്തിനകം പരിഗണിക്കണം എന്നും കോടതി നിർദേശിച്ചു.