ചോദ്യപേപ്പർ ചോർച്ചാ കേസ്; ശുഹൈബിൻറെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച്

0

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ശുഹൈബിൻറെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച്. വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൌണ്ടുകളുടെ വിവരങ്ങൾ തേടി മാതൃകമ്പനിയായ മെറ്റയെ അന്വേഷണ സംഘം സമീപിച്ചു. സോഷ്യൽമീഡിയാ അക്കൗണ്ടിനായി ഉപയോഗിച്ച ഡിവൈസിന്റെ ഐ പി അഡ്രസ് അറിയിക്കാനും നിർദേശം.

വാട്സ്ആപ്പ് വഴി ചോദ്യ പേപ്പർ കിട്ടിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഫോണിൽ നിന്നും വാട്സ്ആപ്പ് അക്കൗണ്ടുൾപ്പെടെ ഷുഹൈബ് നീക്കം ചെയ്തിരുന്നു. ശുഹൈബിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ക്രൈംബ്രാഞ്ചിനു മുന്നിൽ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ശുഹൈബ് ഹാജരായിരുന്നില്ല.പിന്നാലെയാണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. ശുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം.

നോട്ടീസ് ലഭിച്ച എംഎസ് സൊല്യൂഷനിലെ മൂന്ന് അധ്യാപകർ നാളെ ഹാജരാകുമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ശുഹൈബ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ 31 നാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പരിഗണിക്കുക. അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ സ്കൂൾ അധ്യാപകരെ കേന്ദ്രീകരിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപകരുടെ സിഡിആർ ഉടൻ പരിശോധിക്കും. ശുഹൈബുമായി ബന്ധമുള്ള അധ്യാപകരെ ഇതിൽനിന്ന് കണ്ടെത്താൻ കഴിയുമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ.

About The Author

Leave a Reply

Your email address will not be published. Required fields are marked *