മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം; തീരുമാനം ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ
മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. ഇന്നലെ ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൻ്റേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. മധു പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന് കുറിപ്പിൽ പറയുന്നു.
നേരത്തെ തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മധു ഏരിയാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പാർട്ടി വിടുകയാണെന്നും മധു മുല്ലശ്ശേരി പ്രഖ്യാപിച്ചിരുന്നു.എന്നാൽ മധു നടത്തുന്നത് അപവാദ പ്രചരണങ്ങളാണെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നുമായിരുന്നു ജില്ലാ സെക്രട്ടറി വി ജോയിയുടെപ്രതികരണം. സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.