കലാപത്തില്‍ മണിപ്പൂര്‍ ജനതയോട് ക്ഷമാപണം നടത്തി മുഖ്യമന്ത്രി ബിരേന്‍ സിങ്
കഴിഞ്ഞ വർഷം മെയ് 3ന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ മാസങ്ങൾക്ക് ഇപ്പുറം ഖേദം അറിയിക്കുകയാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്. 2024 ൽ നിരവധി പേർക്ക് അവരുടെ ഉറ്റവരെയും ഉടയവരെയും കലാപത്തിൽ നഷ്ടമായി. മണിപ്പൂർ ജനതയോട് താൻ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം.ഇതുവരെ സംഭവിച്ചതെല്ലാം മറന്ന് 2025 സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ഒരുമിച്ച് പ്രയത്നിക്കണം എന്നും ബിരേൻസിംഗ് അഭ്യർത്ഥിച്ചു.
കലാപത്തിൽ ഇതുവരെ 200 ഓളം പേരാണ് കൊല്ലപ്പെട്ടത്. 12000 അധികം കേസുകൾ രജിസ്റ്റർ ചെയ്തു.625 പ്രതികളെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കാര്യമായ പുരോഗതി ഉണ്ടെന്നും ബിരേൻ സിംഗ് വ്യക്തമാക്കി. ബിരേൻ സിംഗിന്റെ ക്ഷമാപണത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി.കലാപം ആരംഭിച്ചത് മുതൽ മണിപ്പൂർ സന്ദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഒഴിവാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.മെയ്തെയ് വിഭാഗത്തിന് എസ്ടി പദവി നൽകുന്നത് പരിഗണിക്കാൻ മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചതിനെ തുടർന്നാണ് മെയ്തെയ്കളും കുക്കികളും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.