വിഴിഞ്ഞം തുറമുഖ നിർമാണം; വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നിബന്ധനയിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് കേന്ദ്രം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ല. ലാഭവിഹിതം പങ്കു വയ്ക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നൽകുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് വേണമെന്നുള്ളതാണ് കേരളത്തിന്റെ ആവശ്യം. വയബിലിറ്റി ഗ്യാപ് ഫണ്ട് ഗ്രാൻഡായി അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി. ലാഭവിഹിതത്തിന്റെ 80% സംസ്ഥാനത്തിനും 20% കേന്ദ്രത്തിനും നൽകണമെന്നാണ് വ്യവസ്ഥ ഈ വ്യവസ്ഥയിൽ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ വ്യക്തമാക്കി.
രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തൂത്തുക്കുടി മാതൃക വിഴിഞ്ഞത് നടപ്പാക്കാൻ ആകില്ലെന്നും തൂത്തുക്കൂടി സർക്കാരിന്റെ കീഴിലുള്ള തുറമുഖമാണ് എന്നും കേന്ദ്രസർക്കാർ. വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നൽകുന്ന പണം വായ്പയായി കണക്കാക്കിയാൽ പലിശയടക്കം തിരികെ നൽകേണ്ടി വരും എന്നും ഇത് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും കാണിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.