ബെംഗളൂരുവിൽ ഐടി ജീവനക്കാരന്റെ ആത്മഹത്യയിൽ ഭാര്യ അറസ്റ്റിൽ
ബെംഗളൂരുവിൽ ബീഹാർ സ്വദേശിയായ ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റിൽ. ഉത്തർ പ്രദേശിൽ വെച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ നിഖിതയും അമ്മ നിഷയും സഹോദരൻ സുശീലമാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രിയോടെ ഭാര്യാമാതാവും യുവതിയുടെ സഹോദരനും ഒളിവില്‍ പോയിരുന്നു. വീടിന് മുൻപിൽ റിപ്പോർട്ടർമാർ അടക്കം ക്യാമ്പ് ചെയ്തിരുന്ന സമയത്താണ് ആളുകളുടെ മുന്നിലൂടെ ഇവർ കടന്ന് കളഞ്ഞത്. റിപ്പോർട്ടർമാർ എങ്ങോട്ടെന്ന് ചോദിച്ചപ്പോൾ അമ്മയ്ക്ക് വയ്യ എന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്നുമായിരുന്നു സഹോദരന്റെ മറുപടി. വീട് പൂട്ടിയിട്ടാണ് ഇരുവരും പോയത്.
നിഖിതക്കും കുടുംബത്തിനും എതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്നായിരുന്നു അതുലിൻറെ ആരോപണം. തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുൽ വീഡിയോയിൽ പറഞ്ഞിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുൽ സുഭാഷ്.
അതേസമയം, കേസ് അവസാനിപ്പിക്കാൻ സമ്മർദ്ദമുണ്ടായെന്നും ജഡ്ജി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആരോപിച്ച് മരിച്ച ടെക്കി അതുൽ സുഭാഷിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. മധ്യസ്ഥത വഹിക്കാമെന്നും കേസ് നീട്ടികൊണ്ടുപോകേണ്ടെന്നും പറഞ്ഞാണ് ജഡ്ജി ഈ പണം ആവശ്യപ്പെട്ടതെന്നും പിതാവ് പറഞ്ഞു. ഭാര്യയുടെ കുടുംബം നിരവധി കേസുകൾ കൊടുത്തിരുന്നതിനാൽ അതുൽ മാനസികമായി ആകെ തകർന്നിരിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.