ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈനിക ഉദ്യോഗസ്ഥൻ ജീവനൊടുക്കി
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈനിക ഉദ്യോഗസ്ഥൻ ജീവനൊടുക്കി. സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഹവൽദാർ ഇന്ദേഷ് കുമാർ ആണ് മരിച്ചത്. മഞ്ചകോട്ട് ഏരിയയിലെ അഞ്ജൻവാലി ഗ്രാമത്തിലെ ക്യാമ്പിൽ ഡ്യൂട്ടിയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സ്വയം വെടിവെച്ച് മരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. സൈനികൻ ജീവനൊടുക്കിയതിന് പിന്നിലെ കാരണമെന്തെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച രാവിലെ, ഉധംപൂർ ജില്ലയിലെ റെഹാംബൽ ഏരിയയിൽ ജമ്മു കശ്മീർ പൊലീസിലെ ഒരു ഹെഡ് കോൺസ്റ്റബിൾ തൻ്റെ സഹപ്രവർത്തകനെ വെടിവെച്ച് കൊല്ലുകയും ജീവനൊടുക്കുകയും ചെയ്തിരുന്നു.ഹെഡ് കോൺസ്റ്റബിൾ മാലിക്, കോൺസ്റ്റബിൾ മൻജീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ ആറരയോടെയായിരുന്നു സംഭവം നടന്നതെന്ന് ഉധംപൂരിലെ സീനിയർ പൊലീസ് സൂപ്രണ്ട് അമോദ് നാഗ്പുരേ പറഞ്ഞു.