ആലപ്പുഴ കാർ അപകടം; പരുക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നല്കിവരുന്നുണ്ടെന്ന് മന്ത്രി പി പ്രസാദ്
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പരുക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നല്കിവരുന്നുണ്ടെന്ന് മന്ത്രി പി പ്രസാദ്. പരുക്കേറ്റവരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. അതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.നിലവിൽ മറ്റു ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്നും അപകടകാരണം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ തത്ക്ഷണം മരിച്ചു. കാറിൽ 11 പേരുണ്ടായിരുന്നു. കനത്ത മഴ നിലനിന്നിരുന്നതിനാല്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ കാറില്‍ നിന്നും പുറത്തെടുക്കാനായത്.