മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഹര്‍ജിയുമായി അതിജീവിത

0

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി അതിജീവിത. നടിയെ ആക്രമിച്ച കേസിലാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരെ അതിജീവിത വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരു ഓണ്‍ലൈന്‍ ചാനലില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. കേസില്‍ ദിലീപിനെതിരെ തെളിവില്ല എന്ന പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതേസമയം ക‍ഴിഞ്ഞദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് രാഷ്ട്രപതി നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. ഇതിനിടെ കേസ്സിൻ്റെ വിചാരണ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നു.

നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അനധികൃതമായി പരിശോധിച്ച സംഭവത്തിലാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും അതിനായി സമഗ്ര അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയെ സമീപിക്കുന്നത് എന്ന് കത്തിലുണ്ട്. സമഗ്ര അന്വേഷണത്തിന് രാഷ്ട്രപതി നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.

6 വർഷവും 9 മാസവും നീണ്ട ദീർഘ വിചാരണയാണ് കേസിൽ നടന്നത്. രാജ്യം ഉറ്റുനോക്കിയ ബലാൽസംഗത്തിന് ക്വട്ടേഷൻ എന്ന അപൂർവ്വതയും ഈ കേസിനുണ്ട്. പൾസർ സുനി എന്ന സുനിൽ കുമാർ ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *