വ്ളോഗറുടെ കൊല; പ്രതി ഇപ്പോഴും കാണാമറയത്ത്
അസമീസ് വ്ളോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ പ്രതി ഇപ്പോഴും കാണാമറയത്ത്. അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവാണ് ഒളിവിലുള്ളത്. ബെംഗളൂരു നഗരം കേന്ദ്രീകരിച്ചും ആരവ് പോകാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും രണ്ട് അന്വേഷണ സംഘങ്ങളാണ് പൊലീസ് അന്വേഷണം നടത്തുന്നത്.ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തൻറെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും അപ്പാർട്ട്മെന്റിൽ ചെക്ക് ഇൻ ചെയ്തത്. ഞായറാഴ്ചയാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലർച്ച വരെ ആരവും അപ്പാർട്ട്മെന്റിൽ ഉളളതായാണ് വിവരം. യൂട്യൂബിൽ ഫാഷൻ, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പങ്കിട്ടിരിക്കുന്നത്.പ്രതിയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. പരസ്പരമുള്ള അഭിപ്രായ ഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. മായയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.ആരവിനെ ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇവിടത്തെ പരമാവധി സിസിടിവികൾ പരിശോധിച്ച് വരികയാണ്. ഇവിടെ വെച്ച് ആരവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂരിലെ തോട്ടടയിലുള്ള ആരവിൻറെ വീട്ടിൽ കർണാടക പൊലീസ് എത്തിയിരുന്നു. എന്നാൽ അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ആരവിൻറെ വീട്ടിൽ കാൻസർ രോഗിയായ മുത്തച്ഛൻ മാത്രമാണുള്ളത്.