കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ റെയില്‍വേ നടപ്പാലം പൊളിച്ചു നീക്കുന്ന പ്രവൃത്തിക്ക് തുടക്കം

0

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ റെയില്‍വേ നടപ്പാലം പൊളിച്ചു നീക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ വലിയ ക്രെയിനുകള്‍ ഉപയോഗിച്ചാണ് പാലം പൊളിച്ചു നീക്കുന്നത്. ടെൻഡർ നടപടികള്‍ ആകാത്തത് കൊണ്ടാണ് പുതിയ മേല്‍പ്പാലത്തിന്‍റെ പ്രവൃത്തി തുടങ്ങാത്തതെന്നാണ് റെയില്‍വേ അധികൃതർ പറയുന്നത്. 30 വർഷത്തോളം പഴക്കമുള്ള നടപ്പാലം അറ്റകുറ്റപ്പണി നടത്താനാണ് അടച്ചിട്ടത്.ഇതിനായി കരാറും നല്‍കിയിരുന്നു. എന്നാല്‍, വിദഗ്ധ പരിശോധനയില്‍ പാലത്തിന് കാലപ്പഴക്കത്തെ തുടർന്ന് ബലക്ഷയം ഉള്ളതായി കണ്ടെത്തി. സുരക്ഷാകാരണങ്ങളാല്‍ പാലം ഉപയോഗിക്കാനാവില്ലെന്നും റെയില്‍വേ എൻജിനിയർമാർ കണ്ടെത്തി. സ്ലാബുകള്‍ ദ്രവിച്ച നിലയിലായിരുന്നു. ഇതോടെയാണ് പാലം പൊളിച്ചു നീക്കി പകരം പുതിയത് നിർമിക്കാൻ തീരുമാനിച്ചത്.

പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ എൻജിനിയറിംഗ് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലാവും നിർമാണം. നടപ്പാലം അടച്ചിട്ടതോടെ കാല്‍നടയാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മുനീശ്വരൻ കോവില്‍ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഏറെ കറങ്ങിവേണം ലക്ഷ്യസ്ഥാനത്തെത്താൻ. വിദ്യാർഥികളും തൊഴിലാളികളും അടക്കം നിരവധിപേരാണ് നടപ്പാലം ഉപയോഗിച്ചിരുന്നത്. നടപ്പാലം അടച്ചതോടെ സമീപത്തെ വഴിയോരകച്ചവടക്കാരും ദുരിതത്തിലായി.

About The Author

Leave a Reply

Your email address will not be published. Required fields are marked *