അമ്മയ്ക്ക് മതിയായ ചികിത്സ നൽകുന്നില്ല; മകൻ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു
ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കലൈഞ്ജര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍ ബാലാജിക്കാണ് പരിക്കേറ്റത്. രോഗിയുടെ മകനാണ് ആക്രമണം നടത്തിയത്. പെരുങ്കളത്തൂര്‍ സ്വദേശി വിഗ്‌നേഷും സുഹൃത്തും പിടിയിലായി.പെരുങ്കുളത്തൂര്‍ സ്വദേശി വിഗ്‌നേഷിന്റെ അമ്മയെ ചികിത്സിക്കുന്നത് ബാലാജിയാണ്. രാവിലെ ആശുപത്രിയിലെത്തിയ വിഗ്‌നേഷും മൂന്ന് സുഹൃത്തുകളും ഡോക്ടറുടെ ക്യാബിനിലേക്ക് കയറി. അമ്മയ്ക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് വിഗ്‌നേഷ് ഡോക്ടറോട് തട്ടിക്കയറി. പിന്നാലെ അരയിലൊളിപ്പിച്ച കത്തിയെടുത്ത് കഴുത്തില്‍ രണ്ട് തവണ കുത്തി. ശേഷം ഡോക്ടറുടെ ടേബിള്‍ നശിപ്പിച്ചു.
ശബ്ദം കേട്ട് ക്യാബിന് പുറത്ത് ഉളളവര്‍ എത്തി ഉടന്‍ തന്നെ ഡോക്ടറെ ഐസിയുവിലേക്ക് മാറ്റി. ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ആശുപത്രിയധികൃതര്‍ ചേര്‍ന്ന് പിടിച്ചുവെച്ചെങ്കിലും ആശുപത്രിപരിസരത്ത് കത്തിയുപേക്ഷിച്ച് വിഗ്‌നേഷ് രക്ഷപെട്ടിരുന്നു.