ക്യുആര്‍ കോഡില്‍ കൃത്രിമം; കാഷ്യര്‍ തട്ടിയത് 52 ലക്ഷത്തിലധികം രൂപ
ക്യുആര്‍ കോഡില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ യുവതി പിടിയില്‍. തമിഴ്നാട് അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ തിരുവാരൂര്‍ സ്വദേശി എം സൗമ്യ(24)യാണ് പിടിയിലായത്.രണ്ട് വര്‍ഷത്തിനിടെ 52 ലക്ഷത്തിലധികം രൂപയാണ് യുവതി തട്ടിയത്.ആശുപത്രി ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവതിയുടെ തട്ടിപ്പ്. ആശുപത്രി ക്യുആര്‍ കോഡിന് പകരം യുവതി സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് ആയിരുന്നു കാണിച്ചത്. പല ബില്ലുകളും സൗമ്യ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന് ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇക്കഴിഞ്ഞ മെയ് മുതല്‍ ആശുപത്രി അധികൃതര്‍ക്ക് സൗമ്യയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഒരു മാസത്തെ രേഖകള്‍ പരിശോധിച്ചു.പരിശോധനയില്‍ ചില രോഗികളുടെ വിവരങ്ങള്‍ സൗമ്യ രജിസ്റ്ററില്‍ ചേര്‍ത്തിട്ടില്ലെന്നു കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഓഡിറ്റ് നടത്തിയത്.2022 ഫെബ്രുവരി മുതല്‍ ഈ വര്‍ഷം മെയ് വരെ യുവതി തട്ടിപ്പ് നടത്തിവന്നതായി പൊലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ റിമാന്‍ഡ് ചെയ്തു. 2021 നവംബറിലാണ് യുവതി അണ്ണാനഗറിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്.