റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം; അപേക്ഷ ഇന്നുമുതൽ
സംസ്ഥാനത്ത് റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് (നവംബർ 25) രാവിലെ 11 മുതലാണ് നൽകാൻ കഴിയുക.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഡിസംബർ 10 വൈകിട്ട് 5 മണിവരെയാണ്. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ അപേക്ഷിക്കാം. വിലാസം: ecitizen.civilsupplieskerala.gov.in
അതേസമയം റേഷൻ കാർഡുകളിലെ പിഴവുകൾ തിരുത്താൻ റേഷൻ കടകളിൽ പരാതി പെട്ടി സംവിധാനം പ്രാബല്യത്തിൽ വന്നു. കാർഡ് ഉടമകൾക്ക് നേരിട്ടു റേഷൻ കടകളിൽ എത്തി കാർഡ് ശുദ്ധീകരിക്കാം.റേഷൻ കടകളിലെ മറ്റു പരാതികളും ഇതിൽ നിക്ഷേപിക്കാം. ഈ സംവിധാനം വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ടാകും.