ബലാൽസംഗ കേസ്; നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യപേക്ഷയിലെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി
ബലാൽസംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യപേക്ഷയിലെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. സിദ്ദിഖിൻറെ അഭിഭാഷകൻ മുകുൾ റോതഗിയുടെ അപേക്ഷ പ്രകാരമാണ് മാറ്റിയത്. തനിക്ക് സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം വാദം കേൾക്കണമെന്ന് റോതഗി ആവശ്യപ്പെടുകയായിരുന്നു. രണ്ടായിരത്തി പതിനാറിലെ ഫോൺ പോലും പൊലീസ് ചോദിക്കുകയാണെന്ന് റോതഗി ഇന്ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞു. പരാതി നല്കാൻ എട്ടു വർഷം എന്തിനെടുത്തു എന്ന ചോദ്യം രണ്ടംഗ ബഞ്ചിന് നേതൃത്വം നല്കുന്ന ജസ്റ്റിസ് ബേല എം ത്രിവേദി ആവർത്തിച്ചു.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുകൾ കൈമാറുന്നില്ലെന്നും ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു എന്നും കേരള സർക്കാരിൻറെ അഭിഭാഷകൻ രഞ്ചിത് കുമാർ പറഞ്ഞു. സർക്കാരിൻറെ റിപ്പോർട്ടിന് എതിർ സത്യവാങ്മൂലം നല്കാൻ സിദ്ദിഖിന് കോടതി നിർദ്ദേശം നല്കി. കേസ് ഇനി പരിഗണിക്കും വരെ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും.