താൻ എതിർക്കുന്നത് പാര്‍ട്ടിയെയല്ല, പിണറായിസത്തെ’; പി വി അൻവർ

0

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന സിപിഐഎം നേതാവ് എ സി മൊയ്തീന്റെ പരാതിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീര്‍ ജനകീയനാണെന്നും ജനസ്വീകാര്യതയെ തകര്‍ക്കാന്‍ സിപിഐഎം നേതൃത്വം ശ്രമിക്കുന്നുവെന്നും അന്‍വര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂധീര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും മൊയ്തീന്റെ പരാതി എന്തടിസ്ഥാനത്തിലാണെന്നും അന്‍വര്‍ ചോദിച്ചു. താന്‍ ഏത് സമയത്തും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അന്‍വര്‍ പറഞ്ഞു. ‘സുധീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. മൊയ്തീന്റെ പരാതി എന്തടിസ്ഥാനത്തില്‍. 1000 വീട് കൊടുക്കാന്‍ ഇടയാക്കിയത് സിപിഐഎമ്മിന്റെ ഭരണമാണ്. ചേലക്കരയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. വീടുകളുടെ പണി ഇതിനോടകം തുടങ്ങിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.

എ സി മൊയ്തീന്‍ മറുപടി പറയേണ്ടത് കരുവന്നൂരിലെ നിക്ഷേപകരോടാണെന്നും സിപിഐഎമ്മിനെതിരെ പ്രതികരിച്ചാല്‍ മത വര്‍ഗീയ വാദിയാക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മൊയ്തീനെതിരായ ഫോണ്‍ സംഭാഷണം കൈയ്യിലുണ്ടെന്നും പ്രധാന വ്യക്തിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവുമായി ചേര്‍ന്ന് കേസ് ഒതുക്കാന്‍ ശ്രമിച്ചെന്നും അന്‍വര്‍ പറഞ്ഞു.

പാലക്കാട് ബിജെപി – കോണ്‍ഗ്രസ് മത്സരമാണ് നടക്കുന്നത്. ഹംസക്ക് ചിഹ്നം കൊടുത്ത പാര്‍ട്ടി എന്തു കൊണ്ട് സരിന് കൊടുത്തില്ല. എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണവും നിലച്ചു. മുഖ്യമന്ത്രി ആര്‍എസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണെന്നും താന്‍ എതിര്‍ക്കുന്നത് പാര്‍ട്ടിയെ അല്ല പിണറായിസത്തെയാണെന്നും അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സിപിഐഎം കഞ്ഞി വെച്ച കലം പോലെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും അന്‍വര്‍ രൂക്ഷമായി പരിഹസിച്ചു. ‘മരുമകന്‍ ഓടിത്തളരുന്നുണ്ട് ചേലക്കരയില്‍. താമസിക്കുന്നത് സമ്പന്നന്റെ വീട്ടിലാണ്. സിപിഐഎം പ്രചാരണത്തിന് വ്യാപകമായി പണമൊഴുക്കുന്നു. എസ്‌സി വിഭാഗത്തില്‍ നിന്ന് ഒരു മന്ത്രിയില്ലാതായി’, അദ്ദേഹം പറഞ്ഞു. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പച്ച ആര്‍എസ്എസുകാരനാണെന്നും അന്‍വര്‍ പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *