വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

‘കരുതലും കൈത്താങ്ങും’: ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ നടക്കും. രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിലായിരിക്കും അദാലത്ത്. ഡിസംബർ ഒൻപതിന് കണ്ണൂർ താലൂക്ക്, 10 ന് തലശ്ശേരി താലൂക്ക്, 12 ന് തളിപ്പറമ്പ് താലൂക്ക്, 13 ന് പയ്യന്നൂർ താലൂക്ക്, 16ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് നടക്കുക.
അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായും സമർപ്പിക്കാം. പരാതി നൽകുന്നയാളുടെ പേര്, വിലാസം, ഇ മെയിൽ, മൊബൈൽ നമ്പർ, വാട്ട്‌സാപ്പ് നമ്പർ, ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയൽ നമ്പർ എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്. നവംബർ 28 മുതൽ ഡിസംബർ അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കും. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ വച്ച് മന്ത്രിമാർ തീരുമാനം കൈക്കൊള്ളും. അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ ചുമതല ജില്ലാ കളക്ടർക്കാണ്.
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്  മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്തുന്നത്.
അദാലത്തിനായി ജില്ലാതല മോണിറ്ററിംഗ് സെൽ, താലൂക്ക് അദാലത്ത് സെൽ, ഓരോ വകുപ്പിലും ജില്ലാ അദാലത്ത് സെൽ എന്നിവ രൂപീകരിക്കും.

അദാലത്തിൽ  പരിഗണിക്കുന്ന വിഷയങ്ങൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻകാർഡ് (എപിഎൽ/ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം

പരിഗണിക്കാത്ത വിഷയങ്ങൾ

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രൊപ്പോസലുകൾ, ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങൾ, വായ്പ എഴുതി തള്ളൽ, പോലീസ് കേസുകൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളളവ), ജീവനക്കാര്യം (സർക്കാർ), റവന്യു റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.

കോഴിയും കൂടും വിതരണം

കുടുംബശ്രീ ജില്ലാ മിഷൻ കുന്നോത്തുപറമ്പ് സി.ഡി.എസിലെ സംരംഭകർക്ക് കോഴിയും കൂടും വിതരണം ചെയ്തു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ ഉദ്ഘാടനം ചെയ്തു. മൃഗ സംരക്ഷണ മേഖലയിലെ കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കെയർ ഹോം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം 25ന്

2018-ലെ പ്രളയത്തിൽ വീടും സ്വത്തുക്കളും നഷ്ടമായവരുടെ പുനരധിവാസത്തിന് സഹകരണവകുപ്പ് ആവിഷ്‌കരിച്ച കെയർ(കോപ്പറേറ്റീവ് അലയൻസ് ടു റീബിൽഡ് കേരള) ഹോം പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ നിർമിച്ച ഭവനസമുച്ചയത്തിന്റെ ഉദ്ഘാടനം നവംബർ 25ന് രാവിലെ 11.30ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവ്വഹിക്കും. തളിപ്പറമ്പ് താലൂക്കിലെ പന്നിയൂർ വില്ലേജിലാണ് ഭവനസമുച്ചയം. എം വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അധ്യക്ഷനാകും.

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷ പരിപാടി ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ നവംബർ 25 ന് രാവിലെ 10.30 ന് തോട്ടട വനിത ഐ ടി ഐ കോളേജിൽ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്യും.

ലേലം

കെ എസ് ആർ ടി സി പയ്യന്നൂർ ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിനുള്ള ലേലം ഡിസംബർ പത്തിന് നടക്കും. ഡിസംബർ ഒൻപത് വരെ ടെണ്ടറുകൾ സമർപ്പിക്കാം. ഫോൺ : 9048298740, 9188526762, 9947900560

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ യൂണിഫോം സേനയിലേക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസക്കാരായ 18 നും 26 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി, അതിനുമുകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് ലക്ഷം രൂപയാണ് വരുമാന പരിധി. കായിക ക്ഷമത, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 30 ന് രാവിലെ 10 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 04972700596, 7510867448, 9947691140

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ മിഷന്റെ തൊഴില്‍ നൈപുണ്യ സൗജന്യ വിദ്യാഭ്യാസ പദ്ധതി ഡി ഡി യു ജി കെ വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നിഷ്യന്‍, മള്‍ട്ടി സ്‌കില്‍ ടെക്നിഷ്യന്‍ (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്) കോഴ്സുകള്‍ക്ക്  മൂന്ന് മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീ യുവാക്കള്‍ക്ക് മുന്‍ഗണന. എസ്എസ്എല്‍സി/പ്ലസ്ടു യോഗ്യതയുള്ള 18 നും 30 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ശ്രീകണ്ഠാപുരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിന് എതിര്‍വശത്തുള്ള ലക്ഷ്മി ദീപ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി ഓഫീസില്‍ നവംബര്‍ 25 നും 30 നും ഇടയില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് എത്തണം. ഫോണ്‍: 6282127342

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിലേക്ക് സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക്് രജിസ്റ്റര്‍ ചെയ്യാം. 1950 രൂപ ഫീസും സൂപ്പര്‍ ഫൈനായി 250 രൂപയും അടയ്ക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പത്താമുദയം പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ ഫീസ് നല്‍കേണ്ടതില്ല. ഒരു വര്‍ഷമാണ് പഠന കാലാവധി. താല്പര്യമുള്ളവര്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 0497 2707699.

താലൂക്ക് വികസന സമിതി യോഗം

കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ ഏഴിന് രാവിലെ 11 ന് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

ക്വട്ടേഷന്‍ ക്ഷണിച്ചു

പെരിങ്ങോം ഗവ കോളേജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. നവംബര്‍ 30 ന് രാവിലെ 11 വരെ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. ഫോണ്‍ : 04985 295440

ലേലം

റവന്യൂ റിക്കവറി കുടിശ്ശിക വസൂലാക്കുന്നതിന് പെരളം വില്ലേജ്, പുത്തൂര്‍ ദേശം, ബ്ലോക്ക് 22, റി സ നം.1/1 0.0242 ഹെക്ടര്‍ സ്ഥലം ഡിസംബര്‍ 21 ന് രാവിലെ 11.30 ന് പയ്യന്നൂര്‍ താലൂക്കിലെ പെരളം വില്ലേജ് ഓഫീസില്‍ ലേലം വഴി വില്പന നടത്തും. ഫോണ്‍: 04985 294844

About The Author

Leave a Reply

Your email address will not be published. Required fields are marked *