വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ 22ന് ജില്ലയിൽ
വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2025നോട് അനുബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച വോട്ടർപട്ടിക നിരീക്ഷകൻ എസ് ഹരികിഷോർ നവംബർ 22ന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ ജില്ലയിൽ സന്ദർശനം നടത്തുന്നു. ഇതോടനുബന്ധിച്ച് ജില്ലയിലെ എംപിമാർ, എംഎൽഎമാർ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായുള്ള യോഗം 22ന് വൈകീട്ട് നാല് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. പ്രത്യേക സംക്ഷിപ്ത പുതുക്കലിനോട് അനുബന്ധിച്ച് അന്തിമ വോട്ടർപട്ടിക 2025 ജനുവരി ആറിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും.
കണ്ണൂര്‍ ആയിക്കരയില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി രക്ഷപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി രജിസ്േ്രടഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. അടിയന്തര നടപടികള്‍ക്കായി അപകട വിവരം മുഖ്യമന്ത്രിയുടേയും ഫിഷറീസ് വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രത്യേകം കത്ത് നല്‍കി. അടിയന്തരമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും നാവികസേന, കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭ്യമാക്കാനും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് കണ്ണൂര്‍ ജില്ലാ സപ്ലൈ ഓഫീസില്‍ അഞ്ച് ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട്, ബൈലോ, രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖ എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍ : 0497 2700552
ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് പരീക്ഷ 23 ന്
കണ്ണൂര്‍ ജില്ലയില്‍ വിവധ വകുപ്പികളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (കാറ്റഗറി നമ്പര്‍ : 535/2023) തസ്തികയിലേക്കുള്ള ഒബ്ജക്ടീവ് ടൈപ്പ് ഒ എം ആര്‍ പരീക്ഷ നവംബര്‍ 23ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 3.30 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യാഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള അസ്സല്‍ തിരിച്ചറിയല്‍ രേഖയുമായി ഉച്ചയ്ക്ക് 1.30 നകം അനുവദിക്കപ്പെട്ടിട്ടുള്ള പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം.
സ്‌ക്രബ് നഴ്‌സ് നിയമനം
ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ സ്‌ക്രബ് നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പി എസ് സി അംഗീകരിച്ച ബി എസ് സി/ ജിഎന്‍എം നഴ്‌സിങ് കോഴ്‌സ്, കാത്ത് ലാബില്‍ സ്‌ക്രബ് നഴ്‌സ് തസ്തികയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. യോഗ്യത, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം നവംബര്‍ 26ന് രാവിലെ പത്തിനകം കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് എത്തണം.
മിനി ജോബ് ഫെയര്‍
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ലോണ്‍ ഓഫീസര്‍, ടെക്നിഷ്യന്‍ (ഓട്ടോമൊബൈല്‍), സര്‍വീസ് അഡൈ്വസര്‍, ഫീല്‍ഡ് സെയില്‍സ്, സെയില്‍സ് ഓഫീസര്‍, മെയിന്റ്റയിനെന്‍സ് എക്‌സിക്യൂട്ടീവ്, ഡ്രൈവര്‍ (എല്‍ എം വി), അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, മോട്ടോര്‍സൈക്കിള്‍ കണ്‍സള്‍റ്റന്റ്, സ്‌പൈര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, സി സി ടി വി ടെക്നിഷ്യന്‍, പ്രോഡക്റ്റ് പ്രോക്യോറ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കാറ്റലോഗ് എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, പെര്‍ച്ചസ് എക്‌സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് തസ്തികകളിലേക്ക് നവംബര്‍ 23ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും. പ്ലസ് ടു, ഡിഗ്രി, ബി ടെക്ക്/ഡിപ്ലോമ (ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍), ഐ ടി ഐ/ഡിപ്ലോമ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോണ്‍ : 0497 2707610, 6282942066
ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആറന്മുള സെന്ററില്‍ പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ നാലുമാസത്തെ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഐടിഐ സിവില്‍ ഡ്രോട്ട്സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനിയറിങ്, ഐടിഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍ഷിപ്പ്/ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനിയറിങ്, ആര്‍ക്കിടെക്ച്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനിയറിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട, 689 533 വിലാസത്തിലും www.vasthuvidyagurukulam.com വെബ്സൈറ്റ് വഴിയും ഡിസംബര്‍ പത്തിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 0468 2319740, 9188089740, 9188593635, 9605046982
കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ : 591 /2023) തസ്തികയില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ നവംബര്‍ 27 ന് നടത്തും. ഇതു സംബന്ധിച്ച മെസ്സേജുകള്‍ ഫോണ്‍, പ്രൊഫൈല്‍ മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലൊഡ് ചെയ്‌തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റാ പെര്‍ഫോര്‍മ, ഒറ്റത്തവണ പ്രമാണ പരിശോധന സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അന്നേ ദിവസം നിശ്ചിത സമയത്ത് കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്തണം.
കണ്ണൂര്‍ ഗവ. ടി.ടി. ഐ (മെന്‍) & മോഡല്‍ യു പി സ്‌കൂളില്‍ എല്‍ പി എസ് ടി തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നവംബര്‍ 23 ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി എത്തണം. ഫോണ്‍- 0497 2701203
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലെ ചുറ്റുമതിലിന്റെ തകര്‍ന്ന ഭാഗം അറ്റകുറ്റപണി ചെയ്യുന്നതിന് (സാധന സാമഗ്രികള്‍ ഉള്‍പ്പെടെ) ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ ആറിന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍ : 04972780226
2018ൽ തയ്യാറാക്കിയ ജില്ലാ പദ്ധതി പരിഷ്‌കരിക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ ഇതിനുള്ള നടപടികൾ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഇതിന്റെ പ്രഥമ കൂടിയാലോചനാ യോഗം ഡിപിസി ചെയർപേഴ്‌സൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ പദ്ധതി പരിഷ്‌ക്കരിക്കുന്നതിനുള്ള വിവിധ ഉപസമിതികളുടെ ചെയർപേഴ്‌സൻമാർ, കൺവീനർമാർ, ജോയിൻറ് കൺവീനർമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 243 ഇസെഡ് ഡി പ്രകാരം സംസ്ഥാനത്ത് രൂപീകരിച്ച ജില്ലാ ആസൂത്രണ സമിതികളുടെ മുഖ്യചുമതലകളിൽ ഒന്ന് ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്നതും ജില്ലയ്ക്ക് മൊത്തത്തിൽ ബാധകവുമായ ജില്ലാ പദ്ധതി തയ്യാറാക്കുകയാണ്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ജില്ലയുടെ സമഗ്ര വികസന കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്ന ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരേയും വിഷയമേഖല വിദഗ്ധരേയും ഉൾപ്പെടുത്തി വിഷയ മേഖലാടിസ്ഥാനത്തിലുള്ള 26 ഉപസമിതികളും രൂപീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ ചെയർപേഴ്‌സൺ ആയ ഉപസമതികളുടെ കൺവീനർ ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥനായിരിക്കും. ബന്ധപ്പെട്ട വിഷയ മേഖലയിലെ ഒരു വിദഗ്ധൻ വൈസ് ചെയർമാനും അനുബന്ധ വകുപ്പിലെ ജില്ലാ ഓഫീസർ ജോയിന്റ് കൺവീനറുമായിരിക്കും.
പരിഷ്‌കരണം പൂർത്തിയാകുന്നതോടെ ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്നതും വിവിധ വികസന മേഖലകളിൽ ഇടപെടുന്ന വിവിധ സർക്കാർ വകുപ്പുകൾ, പ്രാദേശിക സർക്കാരുകൾ, മറ്റ് ഏജൻസികൾ എന്നിവക്ക് കൃത്യമായ ദിശാബോധം നൽകുന്നതിന് സഹായിക്കുന്ന ഒരു രേഖയായി ജില്ലാ പദ്ധതി മാറും.
സിഒപിഡി ദിന ജില്ലാതല
നവംബർ 20, ലോക സിഒപിഡി (ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമനറി ഡീസീസ്) ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) , ജില്ലാ ടി ബി സെന്റർ, എ കെ ജി ആശുപത്രി, കണ്ണൂർ എന്നിവ ചേർന്ന് ജില്ലാ തല ബോധവത്കരണം നടത്തി. എകെജി ആശുപത്രിയിൽ മെഡിക്കൽ ഡയരക്ടർ ഡോ. ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ടിബി സെന്റർ കൺസൽട്ടന്റ് ഡോ. ബിന്ദു ക്ലാസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസ് ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർമാരായ ടി സുധീഷ്, ആർദ്ര എസ് എസ് എന്നിവർ സംസാരിച്ചു.
എന്താണ് സി ഒ പി ഡി
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) ഒരു ശ്വാസകോശ രോഗമാണ്, ഇത് ശ്വസന പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. ഈ രോഗത്തെ എംഫിസെമ അല്ലെങ്കിൽ ക്രോണിക് ബ്രോങ്കൈറ്റിസ് എന്നും വിളിക്കാറുണ്ട്
ഇത് ലോകമെമ്പാടുമുള്ള മരണങ്ങളുടെ നാലാമത്തെ പ്രധാന കാരണവും ആഗോള മരണങ്ങളുടെ ഏകദേശം അഞ്ച് ശതമാനത്തിന് കാരണവുമാണ്.
ലോകത്ത് അനാരോഗ്യത്തിന്റെ കാരണങ്ങളിൽ എട്ടാമത്തെ പ്രധാന കാരണമാണ് സിഒപിഡി. പുകവലിയും ഗാർഹിക വായുമലിനീകരണവുമാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സിഒപിഡി ഉണ്ടാകാനുള്ള പ്രധാന കാരണം. ചുമ, കഫം, ശ്വസിക്കാൻ ബുദ്ധിമുട്ട്, ശ്വാസം മുട്ടൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ.
ന്യൂനപക്ഷ കമ്മീഷനിൽ വാട്ട്‌സാപ്പിലും പരാതി സ്വീകരിക്കും
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വാട്ട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കും. പരാതികൾ 9746515133 നമ്പറിൽ അയയ്ക്കാം. സംസ്ഥാനത്ത് നവംബറിൽ ആരംഭിച്ച ഈ പദ്ധതി വഴി പരാതികൾ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് കമ്മീഷൻ അംഗം എ.സൈഫുദ്ദീൻ പറഞ്ഞു. ഇമെയിൽ, തപാൽ മുഖേനയും നേരിട്ടും പരാതികൾ സ്വീകരിക്കുന്നുണ്ട്.
അടിയന്തര സ്വഭാവമുള്ള പരാതികൾ പ്രത്യേക സിറ്റിങ്ങിലൂടെ പരിഹരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് അകത്തും പുറത്തുമുള്ളവർക്ക് 24 മണിക്കൂറും പരാതികൾ അയയ്ക്കാം.
പോലീസ് കോൺസ്റ്റബിൾ വൈദ്യപരിശോധന
മസ്റ്ററിങ് ക്യാമ്പ്
എ എ വൈ മുൻഗണന കാർഡുകളിലെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ പോസ് മെഷിൻ വഴി മസ്റ്ററിങ് നടത്താൻ സാധിക്കാത്തവർക്ക് ഐറിസ് സ്‌കാനർ, ഫേസ് ആപ്പ് എന്നിവ ഉപയോഗിച്ചുളള മസ്റ്ററിങ് ക്യാമ്പ് നവംബർ 22 മുതൽ 28 വരെ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ നടക്കും. മസ്റ്ററിംഗ് നടത്താൻ ബാക്കിയുള്ള മുഴുവൻ അംഗങ്ങളും അവസരം ഉപയോഗപ്പെടുത്തണമെന്ന് കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു
അപേക്ഷ ക്ഷണിച്ചു
സിഡിറ്റിന്റെ കണ്ണൂർ ജില്ലാ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ഡിസിഎ), ഡാറ്റാ എൻട്രി, അക്കൗണ്ടിങ്ങ് (ടാലി), ഡി ടി പി, എംഎസ് ഓഫീസ് എന്നീ കോഴ്‌സുകൾക്ക് എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. ഫോൺ : 9947763222