വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
പരിയാരം ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ശാല്ക്യതന്ത്ര വിഭാഗത്തില്‍ തലയില്‍ വട്ടത്തില്‍ മുടി കൊഴിയുന്നതിനും കണ്ണില്‍ ചൊറിച്ചില്‍, ചുവപ്പ്, കണ്ണുകളില്‍ നിന്നും വെള്ളം വരിക, കണ്‍പോളകളില്‍ ഉണ്ടാകുന്ന വീക്കം എന്നീ ലക്ഷണങ്ങളുള്ള അലര്‍ജി മൂലമുള്ള ചെങ്കണ്ണ് എന്നിവക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പ്രത്യേക ഒ.പി പ്രവര്‍ത്തിക്കും. ഫോണ്‍- 8086722386, 7561098813
ക്വാളിറ്റി മോണിറ്ററിങ് സെല്ലില്‍ നിയമനം
കണ്ണൂര്‍ ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ നിര്‍വ്വഹണത്തിനും ആസ്തികളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനുമുള്ള ക്വാളിറ്റി മോണിറ്ററിംഗ് സെല്ലില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് എംപാനല്‍ ചെയ്യുന്നത്.
തദ്ദേശ സ്വയം ഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം വകുപ്പുകളില്‍ നിന്നോ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നോ സിവില്‍/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ്‌റ് എഞ്ചിനീയര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിന്ന് വിരമിച്ച 65 വയസ്സില്‍ താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപേക്ഷ നവംബര്‍ 26ന് വൈകീട്ട് മൂന്നിനകം കണ്ണൂര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ സിവില്‍ സ്റ്റേഷനിലുള്ള ഓഫീസില്‍ നേരിട്ടോ, തപാല്‍ വഴിയോ, mgnregskannur@gmail.com ആ മെയില്‍ മുഖേനയോ ലഭിക്കണം. ഫോണ്‍; 04972767488
ജില്ലയിലെ ജനന മരണങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കാന്‍ എഡിഎം അധ്യക്ഷനായ ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. ജനന മരണ രജിസ്ട്രേഷന്‍ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലും വകുപ്പുകളിലും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കും. പഴയകാല രജിസ്ട്രേഷന്‍ രേഖകള്‍ കൃത്യമായി ബൈന്‍ഡ് ചെയ്ത് സൂക്ഷിക്കണം. രജിസ്ട്രാര്‍ ഇതില്‍ ഒപ്പു വച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇത് സംബന്ധിച്ച് രജിസ്ട്രാര്‍മാര്‍ക്ക് തദ്ദേശസ്ഥാപന തലത്തില്‍ പരിശീലനം നല്‍കാനും തീരുമാനമായി.
ജനന-മരണ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് സ്‌കൂളുകളിലെ പ്രധാനാധ്യാപിക, അങ്കണവാടി- ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കണം. ഉന്നതികളില്‍ എസ്.ടി പ്രൊമോട്ടര്‍മാര്‍ വഴി ജനന മരണ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന കാര്യങ്ങള്‍ അറിയിക്കണം. ഉന്നതികളിലെ ജനന മരണ വിവരങ്ങള്‍ കൃത്യസമയത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ അറിയിക്കാനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തണം. ആശുപത്രികളില്‍ ജനനസമയത്ത് പൂരിപ്പിക്കുന്ന ഫോറത്തില്‍ ആധാര്‍ നമ്പര്‍ കൂടി സ്വമേധയാ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കും. യോഗത്തില്‍ എഡിഎം സി പദ്മചന്ദ്രകുറുപ്പ് അധ്യക്ഷനായി. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട്:
പരാതികള്‍ ഡിസംബര്‍ ഒന്ന് വരെ നൽകാം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാതികള്‍ ഡിസംബര്‍ ഒന്ന് വരെ സമര്‍പ്പിക്കാം. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിലാണ് പരാതികള്‍ നല്‍കേണ്ടത്. ദേശീയ, സംസ്ഥാന തലത്തില്‍ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരള നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കരട് റിപ്പോര്‍ട്ടിന്റെ മൂന്ന് പകര്‍പ്പുകള്‍ സൗജന്യമായി തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിക്കും. മറ്റുള്ളവര്‍ക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജിഎസ്ടിയും എന്ന നിരക്കില്‍ ലഭിക്കുന്നതാണ്. https://delimitation.
ജില്ലാ പദ്ധതി പരിഷ്‌കരണം: കൂടിയാലോചനായോഗം 21ന്
ജില്ലാ പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയാലോചന യോഗം നവംബര്‍ 21ന് ഉച്ചയ്ക്ക് 12 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. എല്ലാ ഉപസമിതികളുടേയും ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, കണ്‍വീനര്‍, ജോയിന്റ് കണ്‍വീനര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്നതും വികസന മേഖലകളില്‍ ഇടപെടുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സര്‍ക്കാരുകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവക്ക് കൃത്യമായ ദിശാബോധം നല്‍കുന്നതിന് സഹായിക്കുന്ന ഒരു രേഖയായി ജില്ലാ പദ്ധതി മാറും. പദ്ധതി തയ്യാറാക്കുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരേയും വിഷയമേഖല വിദഗ്ധരേയും ഉള്‍പ്പെടുത്തി 26 ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
പ്രവേശനം ആരംഭിച്ചു
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8304926081
നിധി ആപ്കെ നികട്: ജില്ല വ്യാപന പദ്ധതി’
ജില്ലാ വ്യാപന പദ്ധതി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടിയായ ‘നിധി ആപ്കെ നികട്-ജില്ല വ്യാപന പദ്ധതി’ നവംബര്‍ 27ന് നടക്കും. 27 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പ്രസ് ഫോറം കണ്ണൂര്‍ തളിപ്പറമ്പ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിലും കാസര്‍കോഡ് വിദ്യാനഗര്‍ കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളിലുമാണ് നടക്കുന്നത്. ഇപിഎഫ്/ഇഎസ്ഐ അംഗങ്ങള്‍, തൊഴിലുടമകള്‍, ഇപിഎഫ് പെന്‍ഷണര്‍മാര്‍, തൊഴിലാളി പ്രതിനിധികള്‍, സംഘാടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഒരേ സമയം വിവര കൈമാറ്റത്തിനും പരാതി പരിഹാരത്തിനും സാധിക്കും.
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് 21ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നവംബര്‍ 21ന് രാവിലെ 11 ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സിറ്റിങ് നടത്തും. പുതിയ പരാതികള്‍ സ്വീകരിക്കും.
സമന്വയം: ആലോചനായോഗം
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റേയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘സമന്വയം’ ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനത്തിന് മുന്നോടിയായി നവംബര്‍ 21ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ആലോചനായോഗം ചേരും. കമ്മീഷന്‍ അംഗം എ. സൈഫുദ്ദീന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ പ്രതിനിധികളും ജില്ലയിലെ വിവിധ ന്യൂനപക്ഷസംഘടനാ പ്രതിനിധികളും പങ്കെടുക്കും.
അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘മഴവില്ല്’ ന്റെ ഭാഗമായി സ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് നവംബർ 20ന് തുടക്കമാകുമെന്ന് കെ.വി സുമേഷ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളും തമ്മിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിലൂടെ വിദ്യാർഥികളുടെ കായികക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു. കുട്ടികളിലെ കായികാഭിരുചി വളർത്തുന്നതിനും പഠനത്തിനൊപ്പം അവരെ മികച്ച വ്യക്തികളാക്കാനും ലഹരിയുൾപ്പെടെയുള്ള സാമൂഹിക വിപത്തുകളിൽ നിന്നും കുട്ടികളെ വഴിതിരിച്ചുവിടാനും ഇത്തരം പദ്ധതികൾക്ക് സാധിക്കും. വരുന്ന വർഷങ്ങളിൽ സംഗീതമുൾപ്പെടെയുള്ള കൂടുതൽ വിഷയങ്ങളിൽ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്‌കൂളുകൾ തമ്മിൽ മത്സരം നടന്നതിനുശേഷം മണ്ഡലതലത്തിൽ മത്സരങ്ങൾ നടക്കും. എൽപി, യുപി, ഹൈസ്‌കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി പഞ്ചായത്ത് തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിൽ വിജയിക്കുന്നവർ മണ്ഡല തലത്തിൽ ഏറ്റുമുട്ടും. എല്ലാ വിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടീമുകൾ ഉണ്ടാകും. പഞ്ചായത്ത് തല മത്സരത്തിലെ വിജയിക്ക് പഞ്ചായത്ത് കപ്പും മണ്ഡലതല വിജയിക്ക് എം.എൽ.എ കപ്പും നൽകും. വ്യക്തിഗത ചാമ്പ്യന്മാർക്ക് മെമന്റോയും നൽക്കും. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനവുമുണ്ടാകും. നൂറിലധികം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. പഞ്ചായത്ത് തല മത്സരങ്ങൾ നവംബർ 25 ന് പൂർത്തിയാക്കും. 25 മുതൽ മണ്ഡലതല മത്സരങ്ങൾ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകൾക്കും ഫുട്ബോൾ അടങ്ങിയ സ്‌പോർട്ട്‌സ് കിറ്റുകൾ വിതരണം ചെയ്തിരുന്നു.
പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, അഴീക്കോട് മണ്ഡലം വിദ്യാഭ്യാസ സമിതി ചെയർപേഴ്‌സൺ കെ.പി ജയപാലൻ എന്നിവരും പങ്കെടുത്തു.