വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ജില്ലാ യുവ ഉത്സവ് നവംബർ 22 ന്
മൈ ഭാരത്, നെഹ്റു യുവ കേന്ദ്ര കണ്ണൂർ എന്നിവ തോട്ടട എസ് എൻ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘യുവ ഉത്സവ്’ ജില്ലാതല പരിപാടി നവംബർ 22ന് തോട്ടട എസ്.എൻ കോളേജിൽ നടത്തുന്നു. 15നും 29നുമിടയിൽ പ്രായമുള്ള കണ്ണൂർ ജില്ലക്കാരായ യുവതി യുവാക്കൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. പ്രസംഗം മത്സരം, കവിതാ രചന(മലയാളം), പെയിന്റിങ്(വാട്ടർ കളർ), മൊബൈൽ ഫോട്ടോഗ്രാഫി, നാടോടിനൃത്തം (ഗ്രൂപ്പ്), സയൻസ് മേള (വ്യക്തിഗതം, ഗ്രൂപ്പ്) എന്നിവയാണ് മത്സരയിനങ്ങൾ. ഒരാൾക്ക് ഒരു മത്സരത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ http://forms.gle/
ഫാർമസിസ്റ്റ് ഗ്രേഡ് II അഭിമുഖം
കണ്ണൂർ ജില്ലയിൽ ഇൻഷൂറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 713/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജൂലൈ നാലിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ നവംബർ 21, 22 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസിൽ നടത്തും. ഇതു സംബന്ധിച്ച മെസ്സേജുകൾ ഫോൺ, പ്രൊഫൈൽ മുഖേന നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലൊഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോറം, ഒറ്റത്തവണ പ്രമാണ പരിശോധന സർട്ടിഫിക്കറ്റ്, മറ്റ് അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് കോഴിക്കോട് ജില്ലാ ഓഫീസിൽ ഹാജരാകണം. ഫോൺ; 0497 2700482
ലോക പൈതൃക വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം 19ന്
ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 19ന് രാവിലെ പത്ത് മണിക്ക് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനാകും.
1924ൽ ലണ്ടനിലെ വെംബ്ലി എക്‌സിബിഷനിൽ പ്രദർശിപ്പിച്ച പരമ്പരാഗത തുണിത്തരങ്ങളുടെ പ്രത്യേക പ്രദർശനം 19നും 20നും ഉണ്ടാവും. 19ന് ‘മലബാറിന്റെ പൈതൃകം’ എന്ന വിഷയത്തിൽ യു.പി., ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി പ്രശ്‌നോത്തരിയും സംഘടിപ്പിക്കും. നവംബർ 19 മുതൽ 25വരെയാണ് ലോകപൈതൃക വാരാഘോഷം.
‘മഴവില്ല്’ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ്
‘മഴവില്ല്’ അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി നിയോജക മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളും തമ്മിൽ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്‌കൂളുകൾ തമ്മിൽ മത്സരം നടന്നതിനുശേഷം മണ്ഡലതലത്തിൽ മത്സരം നടക്കും. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകൾക്കും ഫുട്‌ബോൾ നൽകിയിരുന്നു.
പഞ്ചായത്ത് തലത്തിൽ എൽപി സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ മത്സരിച്ച് ഒരു പഞ്ചായത്തിൽ നിന്ന് ഒരു ടീമിനെ മണ്ഡല തലത്തിലേക്ക് തിരഞ്ഞെടുക്കും. തിരഞ്ഞെടുത്ത പഞ്ചായത്ത് തല ടീമുകൾ തമ്മിൽ മണ്ഡലത്തിൽ മത്സരം സംഘടിപ്പിക്കും. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനവും നൽകും.
നവംബർ 19 മുതൽ 25 വരെ പഞ്ചായത്ത് തലത്തിൽ മത്സരങ്ങൾ നടത്തി പൂർത്തിയാക്കി 25 മുതൽ മണ്ഡലതല മത്സരം ആരംഭിക്കും. പഞ്ചായത്ത് തല മത്സരത്തിലെ വിജയിക്ക് പഞ്ചായത്ത് കപ്പും മണ്ഡലതല വിജയിക്ക് മണ്ഡലം കപ്പും നൽകും. വരുന്ന വർഷങ്ങളിൽ കൂടുതൽ സ്‌കൂൾ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ആലോചിച്ചിരിക്കുന്നതെന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു.
ബജറ്റ് ടൂറിസം ഏകദിന ടൂർ
തലശ്ശേരി കെ.എസ്.ആർ.ടി.സി ക്ക് കീഴിലുള്ള ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24 ന് പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് സ്ഥലങ്ങളിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കുന്നു. തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ ആറിന് ആരംഭിച്ച് രാത്രി 9.30 ന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണം, എൻട്രി ഫീസ് ഒഴികെ 490 രൂപയാണ് ചാർജ്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9495149156, 9495650994 ൽ ബന്ധപ്പെടാം.
ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ് 26ന്
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്ഥാപന പരിധിയിലെ താമസക്കാരായ ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 26ന് മുനിസിപ്പൽ ടൗൺ ഹാൾ നടക്കുന്ന ക്യാമ്പിൽ ബ്ലോക്കിലെ ഇതുവരെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്കും ഭിന്നശേഷി സർട്ടിഫിക്കറ്റ് പുതുക്കേണ്ടവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ https://www.swavlambancard.
പ്രഫഷണൽ സ്‌കിൽ പരിശീലനം
പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ ഇൻജക്ഷൻ മൗൾഡിങ്, മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ്/പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമയുള്ള പട്ടിക വർഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പരിശീലനം സൗജന്യം. പ്രായപരിധി: 18 നും 35 നും മധ്യേ. പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ലക്കിടി, കിൻഫ്ര ഐഐഡി പാർക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്, കേരള – 679301. ഫോൺ: 9495999667, 807513644
കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവേശനം
അസാപ് കേരളയുടെ ബേസിക് പ്രോഫിഷ്യൻസി ഇൻ ഇംഗ്ലീഷ് ട്രെയിനിംഗിന് പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അവസരം. ഇംഗ്ലീഷ് ഭാഷാ സംസാരം, വായന, എഴുത്ത് മെച്ചപ്പെടുത്താൻ ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസ്സുകൾ ലഭ്യമാണ്. പരിശീലകർക്ക് https://csp.asapkerala.gov.in/
സ്പോട്ട് അഡ്മിഷൻ
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ പി ജി ഡി സി എ (യോഗ്യത: ഡിഗ്രി), വിവിധ അനിമേഷൻ (യോഗ്യത: എസ് എസ് എൽ സി), പ്രോഗ്രാമിംഗ് (യോഗ്യത: പ്ലസ് ടു) കോഴ്സിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. യോഗ്യതയുള്ളവർ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 04602205474, 0460 2954252
ക്വാളിറ്റി മോണിറ്ററിങ് സെല്ലിൽ നിയമനം
കണ്ണൂർ ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ നിർവ്വഹണത്തിനും ആസ്തികളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനുമുള്ള ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് എംപാനൽ ചെയ്യുന്നത്.
തദ്ദേശ സ്വയം ഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം വകുപ്പുകളിൽ നിന്നോ പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നോ സിവിൽ/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ്റ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ച 65 വയസ്സിൽ താഴെ പ്രായമുളളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷ നവംബർ 26ന് വൈകീട്ട് മൂന്നിനകം കണ്ണൂർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ സിവിൽ സ്റ്റേഷനിലുള്ള ഓഫീസിൽ നേരിട്ടോ, തപാൽ വഴിയോ, e-mail mgnregskannur@gmail.com മുഖേനയോ ലഭിക്കണം. ഫോൺ; 04972767488