വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
കെ.എസ്.ആർ.ടി.സി കൊല്ലൂർ-മൂകാംബിക തീർഥയാത്ര
കെ എസ് ആർ ടി സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും നവംബർ 23ന് കൊല്ലൂർ-മൂകാംബിക തീർഥയാത്ര സംഘടിപ്പിക്കുന്നു. 24ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാൾക്ക് 1230 രൂപയാണ് യാത്രാചെലവ്. മറ്റ് ചെലവുകൾ സ്വന്തം നിലയിൽ വഹിക്കണം.
കൂടാതെ, നവംബർ 24ന് പയ്യന്നൂരിൽ നിന്നും ഏകദിന വയനാട് ടൂറും സംഘടിപ്പിക്കുന്നു. എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയത്. ഒരാൾക്ക് 760 രൂപയാണ് യാത്രാ ചെലവ്. ഭക്ഷണവും മറ്റ് ചെലവുകളും സ്വന്തം വഹിക്കണം. ഫോൺ : 9745534123, 8075823384
ലോക പൈതൃക വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം 19ന്
ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 19ന് രാവിലെ പത്ത് മണിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനാകും.
1924ൽ ലണ്ടനിലെ വെംബ്ലി എക്സിബിഷനിൽ പ്രദർശിപ്പിച്ച പരമ്പരാഗത തുണിത്തരങ്ങളുടെ പ്രത്യേക പ്രദർശനം 19നും 20നും ഉണ്ടാവും. 19ന് ‘മലബാറിന്റെ പൈതൃകം’ എന്ന വിഷയത്തിൽ യു.പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി പ്രശ്നോത്തരിയും സംഘടിപ്പിക്കും. നവംബർ 19 മുതൽ 25വരെയാണ് ലോകപൈതൃക വാരാഘോഷം.
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 19 മുതൽ 23 വരെ പയ്യന്നൂരിൽ നടക്കും. നവംബർ 19 ന് വൈകുന്നേരം നാലിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും.
നവംബർ 18ന് രാവിലെ 11 മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. ആദ്യദിവസം തന്നെ വേദികൾ ഉണരും. 16 വേദികളിലായി 319 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 15 ഉപജില്ലകളിലെ 10,695 കുട്ടികൾ മാറ്റുരയ്ക്കും. രചനാ മത്സരങ്ങൾ ഒന്നാം ദിവസം സമാപിക്കും. 249 ജനറൽ ഇനങ്ങളുണ്ടാവും. സംസ്കൃതം കലോത്സവത്തിന് 38 ഇനങ്ങളും അറബിക് കലോത്സവത്തിൽ 32 ഇനങ്ങളും ഉണ്ടാകും.
യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ഉപജില്ലകൾക്ക് ഓവറോൾ റോളിങ് ട്രോഫി നല്കും. ഓവറോൾ ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്ന ഉപജില്ലകൾക്ക് റോളിങ്ങ് ട്രോഫി നൽകും. സംസ്കൃതം, അറബിക് കലോത്സവത്തിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന ഉപജില്ലകൾക്ക് റോളിങ് ട്രോഫി നൽകും. എല്ലാ വിഭാഗത്തിലെയും പോയിന്റ് കണക്കിലെടുത്ത് ഏറ്റവും കൂടുതൽ പോയിന്റുള്ള സ്കൂളിന് റോളിങ് ട്രോഫി ലഭിക്കും.
23 ന് വൈകീട്ട് സമാപന സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും.
സ്മൈൽ 2024: പഠനസഹായി പ്രകാശനവും അനുമോദനവും 18ന്
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സ്മൈൽ 2024 പദ്ധതിയുടെ ഭാഗമായി പഠന സഹായികളുടെ പ്രകാശനവും ഹയർ സെക്കണ്ടറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നവംബർ 18ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും.
ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യന്മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം നവംബർ 21ന് രാവിലെ പത്തിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.
റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാം
റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനായുള്ള സർക്കാർ പദ്ധതിയായ തെളിമ 2024ന് തുടക്കമായി. ഡിസംബർ 15 വരെയാണ് കാർഡിലെ തെറ്റുകൾ തിരുത്താനുള്ള അവസരം. അംഗങ്ങളുടെയും കാർഡുടമകളുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡുടമകളുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സിൽ നിക്ഷേപിച്ചാൽ മതി.
റേഷൻ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ്, എന്നിവയെക്കുറിച്ചുള്ള പരാതികളും റേഷൻ കട ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ കട നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേദശങ്ങളും പൊതുജനങ്ങൾക്ക് അറിയിക്കാം. അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കുന്നോത്ത് പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം നവംബർ 19ന് മുമ്പായി medicalofficerkunnothparamba@
മാറ്റിവെച്ചു
കണ്ണൂർ കളക്ട്രേറ്റിൽ നവംബർ 19ന് നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ ഡിസംബർ 17 ലേക്ക് മാറ്റിവെച്ചതായി ആർ ആർ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
ബൈക്ക് റാലിയും ഔട്ട് റീച്ച് പ്രോഗ്രാമും 19ന്
മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിന്റെ ഇരുനൂറ്റി നാല്പത്തിനാലാം വാർഷികം പ്രമാണിച്ച് റെജിമെന്റിലെ വിമുക്ത ഭടന്മാർ, വിധവകൾ, അവരുടെ ആശ്രിതർ തുടങ്ങിയവരുടെ പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബൈക്ക് റാലിയും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. നവംബർ 19ന് രാവിലെ എട്ട് മുതൽ പത്ത് വരെ കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള വാർ മെമ്മോറിയൽ പരിസരത്താണ് പരിപാടി. പെൻഷനുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ ഈ അവസരം ഉപയോഗിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 9400656976, 9995191347