വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷത്തോടെ നവംബര്‍ 14 ന് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് ഹരിത സഭകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ ഉന്നയിച്ച നൂതന ആശയങ്ങള്‍ മാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുന്നതിന് പ്രയോജനകരമായി മാറി എന്ന കണ്ടത്തലിന്റെ ഭാഗമായാണ് ഈ വര്‍ഷവും ഹരിത സഭ സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു ഹരിത സഭയില്‍ 150 മുതല്‍ 200 കുട്ടികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ എല്ലാ സ്കൂളുകളില്‍ നിന്നുമായി പങ്കെടുക്കേണ്ടത്. ഹരിത സഭയ്ക്ക് നേതൃത്വം നല്കാന് സ്കൂളുകളിലെ ശുചിത്വ- മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള അധ്യാപകരെയും പങ്കെടുപ്പിക്കണം.
വിദ്യാലയങ്ങളില്‍ നിന്നും ഹരിത സഭയിലേക്ക് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സഭയില്‍ അവതരിപ്പിക്കണം. സ്കൂളിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍, മാലിന്യം കത്തിക്കുന്നത്, വലിച്ചെറിയുന്നത്, നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികള്‍, ദ്രവ മാലിന്യ സംസ്കരണ രംഗത്തെ പ്രശ്നങ്ങള്‍ തുടങ്ങിയവ ഹരിത സഭയില്‍ ചര്‍ച്ച ചെയ്യും. കുട്ടികള്‍ കണ്ടെത്തിയതും ശേഖരിച്ചതുമായ നിര്‍ദ്ദേശങ്ങള്‍ ഹരിതസഭയില്‍ രേഖപ്പെടുത്തും. ഇവ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വീട്ടിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മാലിന്യ സംസ്കരണത്തിലെ വിടവ് കണ്ടെത്തി അക്കാര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാനും ഹരിത സഭയെ ഉപയോഗിക്കാം. കണ്ണൂര്‍ ജില്ലയില്‍ 82 ഹരിത സഭകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹരിത കേരളം ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ജൂനിയര്‍ ഹെല്‍ത്ത് നഴ്സ് നിയമനം
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കേരള നഴ്സ് ആന്റ് മിഡ് വൈവ്സ്- ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകരിച്ച എന്‍ എന്‍ എം സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുഗണന നല്‍കും. യോഗ്യതയുള്ളവര്‍ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ നവംബര്‍ 12 ന് രാവിലെ 10 ന് അസ്സല് സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചക്ക് എത്തണം. പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണനയുണ്ട്. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി എസ് സി നഴ്സിംഗ് കഴിഞ്ഞവരേയും പരിഗണിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. പ്രായ പരിധി 18 നും 40 നും മധ്യേ. ഫോണ്‍ : 8848554706
പൊതുപരീക്ഷക്ക് അപേക്ഷിക്കാം
2017 മുതല്‍ 2024 വരെ കണ്ടിന്യൂയസ് ഇവാല്വേഷന്‍ ആന്റ് ഗ്രേഡിങ് (എന്‍എസ്ക്യുഎഫ് ബേസ്ഡ്) സ്കീം, കണ്ടിന്യൂയസ് ഇവാല്വേഷന്‍ ആന്റ് ഗ്രേഡിങ് റിവൈസ്ഡ് കം മോഡുലാര്‍ സ്കീം എന്നിവയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പൊതുപരീക്ഷ എഴുതുകയും എന്നാല്‍ യോഗ്യത നേടാത്തതുമായ വ്യക്തികള്‍ക്ക് 2025 മാര്‍ച്ച് മാസത്തില്‍ നടത്തുന്ന പൊതുപരീക്ഷ എഴുതാമെന്ന് ജി വി എച്ച് എസ് എസ് ചെറുകുന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താല്പര്യമുള്ളവര് വിഎച്ച്എസ്ഇ പരീക്ഷ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന ഫീസ് ഓണ്‍ലൈന്‍ ചെല്ലാന്‍ അടച്ച് അപേക്ഷയും ചെല്ലാനുമായി നവംബര്‍ 18 ന് വൈകുന്നേരം നാലിനകം വിഎച്ച്എസ്ഇ ഓഫീസില്‍ എത്തിക്കണം. ഫോണ്‍; 9562270270, 6282140131
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഡയറ്റ് ക്യാമ്പസിനകത്തെ ചേറുമരം മുറിച്ചുമാറ്റി ലേലം ചെയ്യുന്നതിനും കാറ്റാടി മരത്തിന്റെ ചില്ലകള്‍ ലേലം ചെയ്യുന്നതിനുമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 15 നകം പാലയാടിലെ കണ്ണൂര്‍ ഡയറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0490 2346658, വെബ്സൈറ്റ് dietkannur@gmail.com
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ കേടായ കറങ്ങുന്ന കസേരകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 14 ഉച്ചക്ക് 12.30 വരെ. ഫോണ്‍ : 04972780226