വിവിധ മേഖലകളില് അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്
ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഫോട്ടോഗ്രാഫി മൽസരത്തിൽ അംഗിരാസ് പാക്കത്തിനാണ് ഒന്നാം സ്ഥാനം. സി അരുൺ രണ്ടാം സ്ഥാനവും പി സൂര്യജിത്ത് മൂന്നാം സ്ഥാനവും നേടി. വി ആദർശ്, വി.വി കൃഷ്ണൻ, കെ.ആർ രഞ്ജിത്ത്, പി സൂര്യജിത്ത്, വി.പി വികാസ്, കെ.ജെ ജോയൽ, ബി സാജു എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
വീഡിയോഗ്രാഫി മൽസരത്തിൽ അബിൻ ദേവസ്യ ഒന്നാം സ്ഥാനം നേടി. മനു ആറളം രണ്ടാം സ്ഥാനവും പ്രതീഷ് മയ്യിൽ മൂന്നാം സ്ഥാനവും നേടി. സൂരജ് താവം, ജോയൽ കാലാങ്കി, പി സൂരജ്, അഖിൽ ആന്റണി, വിജിത് എക്സ്പ്ലോർ, അംഗീരസ് പാക്കത്ത്, പി.കെ സജ്ന, ആദിൽ അഭിത്, ഗൗതം ദേവരാജ്, പ്രകാശൻ കുളപ്പുറം, ബിജു തൈക്കണ്ടി, ഉമറുൽ ഫാറൂഖ്, വി.പി പ്രയാഗ്, സി അരുൺ, പി.ജെ ജിബിൻ, ശ്യാം കുമാർ, എം സനീഷ് എന്നിവർക്കാണ് വീഡിയോഗ്രാഫി മൽസരത്തിൽ പ്രോത്സാഹന സമ്മാനം ലഭിച്ചത്.
വാർഷിക റിട്ടേൺ സമർപ്പിക്കണം
കണ്ണൂർ ജില്ലയിൽ ട്രേഡ് യൂണിയൻ ആക്ട് 1926 പ്രകാരം രജിസ്റ്റർ ചെയ്ത റിട്ടേൺ സമർപ്പിക്കാൻ ബാക്കിയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ഒരാഴ്ചക്കകം ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബർ ഓഫീസിലോ ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയത്തിലോ വാർഷിക റിട്ടേൺ സമർപ്പിക്കണം. റിട്ടേൺ സമർപ്പിക്കാത്ത ട്രേഡ് യൂണിയനുകൾക്കെതിരെ ബന്ധപ്പെട്ട നിയമത്തിലെ 31 പ്രകാരം പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് ട്രേഡ് യൂണിയൻ ഡെപ്യൂട്ടി രജിസ്ട്രാറായ ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
സുനാമി റെഡി പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വർധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില എന്നിവ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നവംബർ അഞ്ചിന് തദ്ദേശസ്വയംഭരണ സ്ഥാപനതല സുനാമി പ്രതിരോധ മോക്ഡ്രിൽ നടത്തുന്നു. കണ്ണൂർ താലൂക്കിലെ അഴീക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അഴീക്കൽ ലൈറ്റ് ഹൗസ് ഗ്രൗണ്ടിൽ അഞ്ചിന് രാവിലെ 9.30നാണ് മോക് ഡ്രിൽ. യുനസ്കോ, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് മോക് ഡ്രിൽ നടത്തുക.
ഓംബുഡ്സ്മാൻ സിറ്റിങ് 12 ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട് കണ്ണൂർ ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും പരാതികൾ സ്വീകരിക്കാൻ കണ്ണൂർ ജില്ലാ എംജിഎൻആർഇജിഎസ് ഓംബുഡ്സ്മാൻ കെ.എം രാമകൃഷ്ണൻ നവംബർ 12ന് സിറ്റിങ് നടത്തും. കളക്ടറേറ്റിലെ ഓംബുഡ്സ്മാന്റെ ചേംബറിൽ രാവിലെ 11 മുതൽ 12 വരെയാണ് സിറ്റിങ്. കണ്ണൂർ ബ്ലോക്കിലെ തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ, തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾ എന്നിവർക്ക് നേരിട്ട് പരാതികൾ സമർപ്പിക്കാം. ഓംബുഡ്സ്മാന്റെ ഓഫീസ്, അനക്സ് ഇ ബ്ലോക്ക്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന വിലാസത്തിൽ തപാൽ വഴിയും ombudsmankannur@gmail.com ഇ മെയിൽ മുഖേനയും പരാതികൾ സ്വീകരിക്കും. ഫോൺ: 9447287542.
അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ സ്പെഷലിസ്റ്റ് ഡോക്ടേർസ്, ഡിഇഒ കം അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), ഇൻസ്ട്രക്ടർ ഫോർ ഹിയറിംഗ് ഇംപയേർഡ് ചിൽഡ്രൻ, സ്പെഷൽ എജുക്കേറ്റർ, ഡവലപ്മെന്റ് തെറാപ്പിസ്റ്റ്, എന്റമോളജിസ്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ സമർപ്പിക്കാനും യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ നവംബർ ഒൻപതിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
ഹ്രസ്വകാല സൗജന്യ കോഴ്സ്
കേന്ദ്ര നൈപുണ്യ വകുപ്പിന് കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിൽ ഫുഡ് സ്റ്റൈലിങ് ഫോട്ടോഗ്രഫി ഹ്രസ്വകാല സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എൽ സി, പ്രായപരിധി 45 വയസ്. ഫോൺ: 7907413206, 8547731530
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിലേക്ക് സ്പോർട്സ് ഉപഭോഗ വസ്തുക്കൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 19 ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിലേക്ക് കായിക ഉപകരണങ്ങൾ വാങ്ങുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 15ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. വെബ്സൈറ്റ് : www.gcek.ac.in, ഫോൺ : 0497 2780226
മാലിന്യ സംസ്കരണ മേഖലയിൽ നൂതന ആശയങ്ങളുമായി കുടുംബശ്രീ ബാലസഭ കുട്ടികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ ബാലസഭകളിൽ നിന്നും തിരഞ്ഞെടുത്ത 19 കുട്ടികളാണ് മാലിന്യ സംസ്കരണവും പ്രശ്നപരിഹാരവും എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. കാസർകോട് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ, മട്ടന്നൂർ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിലെ മാലിന്യ സംസ്കരണം, സാനിറ്ററി മാലിന്യ സംസ്കരണം എന്നിവയും വാഹനങ്ങളുടെ പുകമാലിന്യങ്ങൾ കുറയ്ക്കാനുള്ള ആശയങ്ങളും വരെ കുട്ടികൾ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ ഡോ. ടി വി വിനീഷ്, തിരുവനന്തപുരം ഡയറ്റ് ലക്ചറർ ഡോ. സതീഷ് ചന്ദ്രൻ, സംസ്ഥാന മിഷൻ പാനൽ അംഗം എസ് ബൈജു കുമാർ, അധ്യാപകൻ എ ഗിരീഷ് എന്നിവർ പ്രബന്ധങ്ങൾ വിലയിരുത്തി. ശുചിത്വോത്സവം രണ്ടാം സീസണിന്റെ ഭാഗമായി മാലിന്യ സംസ്കരണ മേഖലയിൽ പുതിയ മാതൃകകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വാർഡ് തലത്തിൽ വിവിധ പരിപാടികൾ ബാലസഭ നടത്തിയിരുന്നു.
ആഡംബര ക്രൂയിസ് പാക്കേജ്
കെ എസ് ആർ ടി സിയും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര നവംബർ എട്ട്, ഒൻപത്, 10 തീയതികളിൽ തുടർച്ചയായി കണ്ണൂരിൽ നിന്നും പുറപ്പെടും. ഓഡിറ്റോറിയം, സ്വീകരണഹാൾ, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, ഗെയിമുകൾ, ഭക്ഷണശാല, കുട്ടികൾക്കുള്ള കളിസ്ഥലം, മൂന്ന് തിയറ്റർ തുടങ്ങിയ സൗകര്യങ്ങൾ നെഫർറ്റിറ്റിയിലുണ്ട്. മുതിർന്നവർക്ക് 4590 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 2280 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.
നവംബർ എട്ടിന് വൈകുന്നേരം പുറപ്പെട്ടു 11ന് രാവിലെ തിരിച്ചെത്തുന്ന മൂന്നാർ കാന്തല്ലൂർ പാക്കേജിനു 4250 രൂപയാണ് ചാർജ്. ഫോൺ: 8089463675, 9497007857
താൽക്കാലിക ഒഴിവ്
തോട്ടട ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഫീൽഡ് ടെക്നിഷ്യൻ കംപ്യൂട്ടർ പെരിഫറൽസ് എഞ്ചിനിയറിങ്ങിൽ താൽക്കാലിക ഒഴിവ്. ബി ടെക് കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് 60 ശതമാനം മാർക്ക്, എംസിഎ തത്തുല്യ യോഗ്യതയിൽ 60 ശതമാനം മാർക്ക് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ നവംബർ ആറിന് രാവിലെ 11 ന് ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 9447647340
തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി
കണ്ണൂർ ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) തസ്തികമാറ്റം വഴി (കാറ്റഗറി നമ്പർ 249/2024) തസ്തികയിലേക്ക് 2024 ജൂലൈ 30 ന് ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാർഥികൾ ആരും തന്നെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.