നീലേശ്വരം വെടിക്കെട്ട് അപകടം; എട്ട് ക്ഷേത്രഭാരവാഹികൾക്കെതിരെയും കൊലപാതക കുറ്റം ചുമത്തി പൊലീസ്
നീലേശ്വരം ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടക്കേസിൽ എട്ട് ക്ഷേത്രഭാരവാഹികൾക്കെതിരെയും കൊലപാതക കുറ്റം ചുമത്തി പൊലീസ്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് സംഘം കോടതിയ്ക്ക് കൈമാറി. ജാമ്യം ലഭിച്ച പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കാൻ നിർദേശം നൽകിയത്.
ജാമ്യത്തിലിറങ്ങിയ ക്ഷേത്രം ഭാരവാഹികൾക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ പ്രതികൾ ഹാജരായില്ല. തുടർന്നാണ് വാറന്റ് പുറപ്പെടുവിപ്പിക്കാൻ കീഴ്ക്കോടതിയ്ക്ക് നിർദേശം നൽകിയത്. ജാമ്യം ലഭിച്ച പ്രതികൾ പൊലീസിൽ കീഴടങ്ങാതെ ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.