നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

0

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. പ്രതിക്ക് ഭരണതലത്തില്‍ വലിയ ബന്ധമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജിയില്‍ പറയുന്നു. സിപിഐഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കുടുംബം കോടതിയെ അറിയിച്ചു.

ഗുരുതരമായ ആരോപണമാണ് കുടുംബം ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പെട്ടെന്ന് പൂര്‍ത്തിയാക്കി. ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. കുടുംബം എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് നടത്തി – തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കുടുംബം പറയുന്നു.

സിബിഐയെ സമീപിക്കുക മാത്രമേ കുടുംബത്തിന് മാര്‍ഗമുള്ളൂവെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രമേഷ് ചെന്നിത്തല പറഞ്ഞു. കേസില്‍ ഒരുപാട് ദുരൂഹമായ സാഹചര്യമുണ്ടെന്നും അതെല്ലാം പുറത്ത് വരണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണം. കേരള പൊലീസ് അന്വേഷിച്ചാല്‍ ഒരു കാരണവശാലും സത്യം പുറത്ത് വരില്ല – ചെന്നിത്തല വ്യക്തമാക്കി.

കേരള പൊലീസ് അന്വേഷിച്ചു കഴിഞ്ഞാല്‍ കേസ് എവിടെയുമെത്തില്ലെന്നും അട്ടിമറിക്കപ്പെടുമെന്നും തങ്ങള്‍ നേരത്തെ തന്നെ പറയുന്നതാണെന്ന് കെ കെ രമ എംഎല്‍എ ചൂണ്ടിക്കാട്ടി. എസ്‌ഐടിയെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ പോലും കേസ് ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. അതുകൊണ്ട് ഏറ്റവും ഉചിതം സിബിഐ തന്നെയാണ് – കെ കെ രമ വ്യക്തമാക്കി.

അതേസമയം, നവീന്‍ ബാബുവിന്റെ കേസില്‍തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ അടുത്തമാസം മൂന്നിന് കോടതി വിധി പറയും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതി പി പി ദിവ്യയുടെയും, സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, കളക്ടറേറ്റ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിലെ ആവശ്യം.

പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തൃപ്തികമല്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക പ്രതികരിച്ചിരുന്നു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ മറ്റ് ഏജന്‍സികള്‍ക്ക് കേസ് കൈമാറണമെന്ന് ആവശ്യപ്പെടുന്നത് ആലോചിക്കുമെന്നും കുടുംബത്തിന്റെ അഭിഭാഷക വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *