മുനമ്പം ഭൂമി പ്രശ്നം; ലത്തീൻ ബിഷപ്പുമാരുമായി മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി
മുനമ്പം ഭൂമി പ്രശ്നത്തില്‍ ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് നേതാക്കളും വരാപ്പുഴ അതിരൂപതയും. സൗഹൃദാന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് ചര്‍ച്ചയ്ക്ക് ശേഷം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നതില്‍ ഒരു സംശയവുമില്ല. വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. ആ സാങ്കേതിക പ്രശ്‌നമുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ഫറൂഖ് കോളേജ് കമ്മിറ്റി, മുസ്‌ലിം സംഘടനകള്‍ തുടങ്ങിയ എല്ലാവരുടേയും യോഗം തങ്ങള്‍ വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാരുമായി സംസാരിക്കും’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മുനമ്പത്തെ പ്രശ്‌നം പരിഹരിക്കണമെന്ന കാര്യത്തില്‍ യോജിപ്പ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് ചര്‍ച്ച വളരെ സൗഹൃദാന്തരീക്ഷത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടി തന്നെയാണ് പിരിയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാക്കി കാര്യങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുനമ്പം ഭൂമിപ്രശ്‌നം മാനുഷിക പ്രശ്‌നമാണെന്നും മുസ്‌ലിം ലീഗ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെന്നും കോഴിക്കോട് രൂപതാ അധ്യക്ഷന്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രതികരിച്ചു. മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും ലീഗ് പ്രതിനിധികള്‍ വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു മതത്തിന്റെയോ വര്‍ഗത്തിന്റെയോ പ്രശ്‌നമല്ലെന്നും സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. നവംബര്‍ ഒന്നിന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു ആവശ്യം ഉയര്‍ന്നത്. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുനമ്പം ഭൂമി പ്രശ്‌നം പോകരുതെന്നും വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നുമായിരുന്നു അന്ന് ആവശ്യപ്പെട്ടത്.