അസം യുവതിയുടെ കൊല; ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് ആരവിന്റെ മൊഴി
ബംഗളൂരു അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി പ്രതി ആരവിന്റെ മൊഴി പുറത്ത്. വ്ലോഗർ മായയെ കൊലപ്പെടുത്തിയതിന് ശേഷം മുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചുവെന്നാണ് ആരവിന്റെ മൊഴി. അത് നടക്കാതെ വന്നതോടെയാണ് അപാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെട്ടത്.മായക്ക് മറ്റ് പ്രണയ ബന്ധമുണ്ടോ എന്ന് സംശയമുണ്ടായിരുന്നു. ഇക്കാര്യത്തിൽ മുറിയിൽവെച്ച് രണ്ടുപേരും തമ്മിൽ തർക്കം ഉണ്ടായെന്നും തുടർന്നാണ് കത്തിയും കയറും എത്തിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചത്. വ്യാഴാഴ്ച്ച വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞുവെന്നും ആരവ് മൊഴി നൽകി. ബംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് എന്ന സർവീസ് അപാർട്ട്മെന്റിലാണ് അതിക്രൂര കൊലപാതകം. മുറിയിൽ ചോരയിൽ കുളിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. അസം സ്വദേശിയായ മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ഈ മാസം 23 നാണ് മായയും ആരവും അപ്പാർട്ട്മെന്റിൽ മുറിയെടുത്തത്. ഇരുവരും ഒപ്പം എത്തിയതിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയിരുന്നു.