അധികപണം വാങ്ങിയ ഡ്രൈവര്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി
യാത്രക്കാരനോട് ഓട്ടോക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. ഒപ്പം വന്‍ തുക പിഴയായും ഈടാക്കി.കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ യാത്രാക്കൂലി ഇനത്തില്‍ 50 രൂപയാണ് അധികം വാങ്ങിയത്. പുതുവൈപ്പ് ബീച്ചില്‍ നിന്നും പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിലേക്കാണ് പ്രജിത്തിനെ ഓട്ടം വിളിച്ചത്. പതിമൂന്നര കിലോമീറ്റര്‍ ഓടിയതിന് ഡ്രൈവര്‍ 420 രൂപ ആവശ്യപ്പെട്ടു. റോബിന്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും ഡ്രൈവര്‍ 400 രൂപ ഓട്ടോക്കൂലി വാങ്ങി. തുടര്‍ന്ന് യാത്രക്കാരൻ മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കുകയായിരുന്നു.
ഇതിന് പിന്നാലെ എറണാകുളം ആര്‍ടിഒ ടി എം ജേഴ്‌സന്റെ നിര്‍ദേശപ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് ബിനു ഡ്രൈവറെ വീട്ടിലെത്തി പ്രജിത്തിനെ പിടികൂടുകയായിരുന്നു. ശേഷം 5,500 രൂപ പിഴയും ചുമത്തി. ഓട്ടോയില്‍ നടത്തിയ പരിശോധനയില്‍ അമിത കൂലിക്ക് മാത്രമല്ല, നിയമം ലംഘിച്ച് വണ്ടിയില്‍ രൂപമാറ്റം വരുത്തിയതിന് കൂടിയാണ് പിഴ ഈടാക്കിയത്.