മുനമ്പം ഭൂമി വിവാദം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റിൽ വൈകീട്ട് നാല് മണിക്കാണ് യോഗം.
ഭൂമിക്ക് മേൽ പ്രദേശവാസികൾക്കുള്ള റവന്യൂ അവകാശം എങ്ങനെ പുനസ്ഥാപിക്കാം എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. റവന്യൂ, നിയമ, വഖഫ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയും, വകുപ്പ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പ്രദേശവാസികൾക്ക് ഭൂമിക്ക് മേൽ അവകാശം നൽകുന്ന കാര്യത്തിൽ വഖഫ് ബോർഡിന്റെ നിലപാട് സർക്കാർ ആരായും. അതേസമയം മുനമ്പത്ത് നടന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകൾ പരിശോധിച്ച് റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് യോഗത്തിൽ പരിശോധിക്കും.
കേസിൽ കക്ഷി ചേർന്നും ഡിജിറ്റൽ സർവേ നടത്തിയും സമവായ നീക്കത്തിലെത്താനും സർക്കാർ ശ്രമിക്കുന്നുണ്ട്. മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിനെതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിൽ കേസ് നൽകിയിരുന്നു. ഇതിൽ കക്ഷി ചേരുന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത്. മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു.
മുനമ്പത്തെ ഭൂമിയിൽ നിന്നും ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മുസ്ലിം സംഘടനകളും ഉറപ്പുനൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വം ക്രൈസ്തവ സഭ മേലധ്യക്ഷന്മാരുമായി ചർച്ചകൾ നടത്തിയിരുന്നു. സർക്കാർ എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ഇടപെടണം എന്ന നിലപാടാണ് എല്ലാ സംഘടനകൾക്കുമുള്ളത്. മുനമ്പത്തെ 614 കുടുംബങ്ങളുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതടെയാണ് വിവാദങ്ങൾക്ക് തുടക്കം. റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മുനമ്പത്തെ ജനത ഇപ്പോഴും സമരത്തിലാണ്.