‘ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയാന്‍ ശ്രമം’; വനിത കമ്മീഷന്‍ സുപ്രീം കോടതിയില്‍

0

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നും കമ്മീഷന്‍ ആരോപിക്കുന്നു.

കേസന്വേഷണം ഇരകളുടേയും പ്രതികളുടേയും സ്വകാര്യത ലംഘിക്കുന്നതല്ല. അന്വേഷണത്തിനെതിരെ സജിമോന്‍ പാറയിലിന് സുപ്രീംകോടതിയെ സമീപിക്കാന്‍ നിയമപരമായ അവകാശമില്ല. അന്വേഷണം എങ്ങനെയാണ് തന്നെ ബാധിക്കുന്നതെന്ന് സജിമോന്‍ പാറയില്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉന്നയിച്ച ആവശ്യമല്ല സജിമോന്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചതെന്നും വനിതാ കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടി.

ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താല്‍പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വനിതാ കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *