അദാനി ​ഗ്രൂപ്പുമായുള്ള പദ്ധതികൾ റദ്ദാക്കി കെനിയ

0

അദാനി ഗ്രൂപ്പുമായുള്ള പദ്ധതികളുടെ കരാര്‍ റദ്ദാക്കി കെനിയ. കരാര്‍ നേടിയെടുക്കാന്‍ കോഴ കൊടുത്തുവെന്ന കേസില്‍ അമേരിക്ക കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പുമായി കരാര്‍ ഉറപ്പിച്ച പദ്ധതികളില്‍ നിന്ന് കെനിയ പിന്മാറിയത്. രാജ്യത്തെ പ്രധാന എയര്‍പോര്‍ട്ടിന്റെ വികസന പദ്ധതി, ഊര്‍ജ മന്ത്രാലയവുമായുള്ള കരാര്‍ എന്നിവയാണ് റദ്ദാക്കിയത്. കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോയാണ് ഇക്കാര്യം അറിയിച്ചത്.

കെനിയ ഇലക്ട്രിക്കല്‍ ട്രാന്‍സ്മിഷന്‍ കമ്പനിയുമായി ഇക്കഴിഞ്ഞ ഒക്ടോബറില്‍ അദാനി എനര്‍ജി സൊല്യൂഷന്‍സ് 30 വര്‍ഷത്തെ പൊതു സ്വകാര്യ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. 736 മില്യണ്‍ ഡോളറിന്റേതായിരുന്നു കരാര്‍. ഇതാണ് നിലവില്‍ റദ്ദാക്കിയ ഒരു കരാര്‍. ജോമോ കെന്യാറ്റ വിമാനത്താവളവുമായി ബന്ധപ്പെട്ടതാണ് റദ്ദാക്കിയ രണ്ടാമത്തെ കരാര്‍. നിലവിലെ കരാറുകള്‍ റദ്ദാക്കാന്‍ ഗതാഗത, ഊര്‍ജ പെട്രോളിയം മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി വ്രില്യം റൂട്ടോ അറിയിച്ചു. അന്വേഷണ ഏജന്‍സികളും മറ്റ് രാജ്യങ്ങളും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വില്യം റൂട്ടോ വ്യക്തമാക്കി.

കൈക്കൂലിക്കേസിലെ കുറ്റപത്രം; യുഎസ് നിക്ഷേപപദ്ധതികളിൽ നിന്ന് പിന്മാറി അദാനി ഗ്രൂപ്പ്
ഇന്ത്യയില്‍ സൗരോര്‍ജ പദ്ദതി കരാര്‍ ലഭിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് അമേരിക്കയില്‍ അദാനിക്കെതിരായ കുറ്റപത്രത്തില്‍ പറയുന്നത്. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നാണ് കുറ്റം. ഗൗതമ അദാനിക്ക് പുറമേ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നുമെതിരെയും കേസെടുത്തിട്ടുണ്ട്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *