ഭാഗ്യക്കുറി തൊഴിലാളികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു
ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള സൗജന്യ യൂണിഫോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. തൊഴിലാളികളുടെ സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളുടെ പരിപാലനവും സാമൂഹ്യബാധ്യതയായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനാലാണ് മുമ്പുണ്ടായിരുന്ന വെല്ലുവിളികളെ നിഷ്പ്രഭമാക്കി ശ്രദ്ധേയമായ തൊഴിൽ ഇടമായി ലോട്ടറി മേഖലയെ മാറ്റിയതെന്നും മന്ത്രി പറഞ്ഞു. ഭാഗ്യക്കുറി തൊഴിലാളി ദേവകിയെ മന്ത്രി യൂണിഫോം അണിയിച്ചു. തുടർന്ന് 500 ഓളം തൊഴിലാളികൾ യൂണിഫോം ഏറ്റുവാങ്ങി. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം വി ബാലൻ അധ്യക്ഷനായി. ജില്ലാ കലക്ടർ അരുൺ കെ വിജയൻ വിശിഷ്ടാതിഥിയായി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ ഹരീഷ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ടി പ്രദീപൻ, ലോട്ടറി തൊഴിലാളി യൂണിയൻ പ്രതിനിധികളായ പി.വി സജേഷ്, പി നാരായണൻ, പി.പി പ്രേമൻ, പ്രേജിത്ത് പൂച്ചാലി, പി വീരേന്ദ്രകുമാർ, വി ഉമേശൻ, മടപ്പള്ളി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.