‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’: നോവലും എം മുകുന്ദന്റെ സാഹിത്യ ലോകവും കാലത്തെക്കടന്നു മുന്നോട്ടുപോകുന്നു: മുഖ്യമന്ത്രി

0

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന  നോവലും എം മുകുന്ദന്റെ സാഹിത്യ ലോകമാകെത്തന്നെയും കാലത്തെക്കടന്നു മുന്നോട്ടുപോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ, എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ നോവലിന്റെ അമ്പതാം വാർഷിക സമ്മേളനം  മയ്യഴി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എഴുതി പൂർത്തിയാക്കിയിട്ട് അമ്പതു വർഷങ്ങൾ കഴിയുന്ന സന്ദർഭത്തിലും ആ കൃതിക്കു പുതിയ പതിപ്പുകളിറങ്ങുന്നു. പുതിയ തലമുറകൾ അതിനെ ഏറ്റെടുക്കുന്നു.

മയ്യഴിയിൽ മാത്രമല്ല, മലയാളികൾ ഉള്ളിടങ്ങളിലെല്ലാം ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ഈ ഘട്ടത്തിൽ ആഘോഷിക്കപ്പെടുന്നുണ്ട്. ചിലത് സാംസ്‌കാരിക വേദികളിലാവാം; മറ്റു ചിലത് വായനാസമൂഹത്തിന്റെ മനസ്സിലാവാം.

കേരളത്തിന്റെ പല ഭാഗങ്ങളിൽ ഉജ്വലങ്ങളായ കർഷക സമരങ്ങളും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളും ഒക്കെ നടന്നിട്ടുണ്ട്. എന്നാൽ, നമ്മുടെ സാഹിത്യത്തിൽ ആ പോരാട്ടങ്ങൾ അനശ്വരതയാർജിച്ചു എന്നു പറയാൻ പറ്റുമോ? കയ്യൂർ സംഭവത്തെക്കുറിച്ചു പോലും ഏറ്റവും ശ്രേഷ്ഠമായ ഒരു നോവലുണ്ടായതു മലയാളത്തിലല്ല, കന്നഡയിലാണ്; നിരഞ്ജന എഴുതിയ ‘ചിരസ്മരണ’. ഇതാണു പൊതുവിൽ വിപ്ലവ പോരാട്ടങ്ങളോട് മലയാള സാഹിത്യകാർക്കുള്ള ഒരു സമീപനം.

എന്നാൽ, അടിമുടി രാഷ്ട്രീയക്കാരനൊന്നുമല്ലാത്ത എം മുകുന്ദൻ, തന്റെ നാടിന്റെ – മയ്യഴിയുടെ – രാഷ്ട്രീയ സമരത്തെ പശ്ചാത്തലത്തിൽ വെച്ചുകൊണ്ടും അതിനെ കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടും ഒരു നോവൽ രചിച്ചു. അതാണു ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’. ഈ നോവൽ ഇറങ്ങിയ ഘട്ടത്തിൽ അരാജകത്വത്തിന്റെ രാഷ്ട്രീയമാണത് പ്രസരിപ്പിക്കുന്നത് എന്നു വാദിച്ചവരുണ്ട്. അവർ കാണാതിരുന്നത് ഈ രാഷ്ട്രീയ, സാംസ്‌കാരിക ഉള്ളടക്കമാണ്.
മയ്യഴിപ്പുഴയുടെ തീരങ്ങളിലെ നായകനായ ദാസൻ ഒരു രാഷ്ട്രീയ മനുഷ്യനൊന്നുമല്ല. എന്നു മാത്രമല്ല, എം മുകുന്ദൻ ആ കാലത്തു പുലർത്തിയിരുന്ന അസ്തിത്വവാദ സമീപനങ്ങളുടെ പ്രതീകമാണു താനും. എങ്കിലും അതിന് ആ അസ്തിത്വവാദത്തെ കടന്നുനിൽക്കുന്നതും കാലിക പ്രസക്തിയുള്ളതുമായ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്. അതാണു വേണ്ടവിധത്തിൽ കാണാതെ പോയത്. ഏതായാലും കാലം അതു കണ്ടെത്തുന്നു. അതുകൊണ്ടാണല്ലൊ, ആ നോവലിന്റെ അമ്പതാം വർഷം ഈ വിധത്തിൽ ഗംഭീരമായി ആഘോഷിക്കപ്പെടുന്നത്.
മയ്യഴി വിമോചനത്തെ പശ്ചാത്തലത്തിൽ നിർത്തി മുകുന്ദൻ എഴുതിയ കൃതിയെ മലയാളി വായനാസമൂഹമാകെ ഏറ്റെടുത്തു. അവിടുത്തെ സവിശേഷതയുള്ള ഭാഷ, സംസ്‌കാരം, ഇവിടെ പാർക്കുന്നവരുടെ ജീവിത രീതികൾ, ആ സമൂഹത്തിന്റെ ഹൃദയവികാരങ്ങൾ – ഒക്കെ മലയാള വായനാസമൂഹം ഹൃദയത്തിലേക്കേറ്റെടുത്തു. അങ്ങേയറ്റം ദൃശ്യാത്മകമായ രീതിയിലാണ് എം മുകുന്ദൻ ഈ നാടിനെയും അവിടുത്തെ ജീവിതത്തെയും ആവിഷ്‌ക്കരിച്ചത്. അതുകൊണ്ടുതന്നെ വായിച്ചവരുടെയൊക്കെ മനക്കണ്ണാടിയിൽ അതു മായ്ക്കാനാവാതെ പ്രതിഫലിച്ചു തെളിഞ്ഞു നിൽക്കുന്നു.

ഏതാണ്ട് യൗവ്വനത്തിന്റെ പ്രാരംഭഘട്ടത്തിൽ, 24-25 വയസ്സുള്ളപ്പോഴാവും എം മുകുന്ദൻ ഇത് എഴുതിയത്. ആ ചെറുപ്രായത്തിൽ തന്നെ തന്റെ മാസ്റ്റർപീസ് രചിക്കാൻ കഴിഞ്ഞു എന്നതു വലിയ കാര്യം. മുകുന്ദൻ പക്ഷെ, അതിനു കിട്ടിയ അസാധാരണമായ സ്വീകാര്യതയിൽ മയങ്ങിവീണില്ല. അദ്ദേഹം തുടർന്നും എഴുതി. ആ എഴുത്ത് വളർച്ചയുടെ പുതു ഘട്ടങ്ങളെ അടയാളപ്പെടുത്തി. എന്നാൽ, അതിനൊക്കെ ശേഷവും എം മുകുന്ദൻ എന്നാൽ മയ്യഴിയുടെ കഥ എഴുതിയ ആൾ തന്നെയാണ് ജനങ്ങൾക്ക്. ശ്രദ്ധിക്കപ്പെടേണ്ട കാര്യം തന്നെയാണത്; ഒപ്പം വ്യാഖ്യാനിക്കപ്പെടേണ്ട കാര്യവുമാണത്.

സ്ത്രീസ്വത്വ സംബന്ധമായ സ്വാതന്ത്ര്യബോധം എം മുകുന്ദൻ എപ്പോഴും പുലർത്തിപ്പോന്നിട്ടുണ്ട്. പീഡിപ്പിക്കപ്പെടുന്ന ഇന്ത്യൻ സ്ത്രീത്വത്തിനുനേരെയുള്ള സഹാനുഭൂതി എം മുകുന്ദൻ പ്രകടിപ്പിക്കുന്നുണ്ട്. ‘ഒരു ദളിത് യുവതിയുടെ കദനകഥ’, ‘ഡൽഹി ഗാഥകൾ’ പോലുള്ള നോവലുകളും ‘ഡൽഹി 1981’ പോലുള്ള കഥകളുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

‘ഡൽഹി’, ‘ആവിലായിലെ സൂര്യോദയം’, ‘ഈ ലോകം അതിലൊരു മനുഷ്യൻ’, ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ തുടങ്ങി 1970 കളുടെ ആദ്യപകുതിയിൽ എം മുകുന്ദൻ എഴുതിയ നോവലുകളിൽ അസ്തിത്വദർശനത്തിന്റെ കാതലായ സ്വാധീനം നിഴലിക്കുന്നുണ്ട്. ഒരുപക്ഷേ, ഫ്രഞ്ച് ഭാഷയിലെ അക്കാലത്തെ പല വലിയ എഴുത്തുകാരുടെയും സ്വാധീനത്തിൽനിന്ന് ഉറവ പൊട്ടിയതാകാം ഈ ദർശനം. പുരോഗമനപക്ഷത്തു നിന്ന പല വായനക്കാരും ഈയൊരു കാര്യത്തിൽ അക്കാലത്ത് എം മുകുന്ദനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
നോവലുകളെപ്പോലെത്തന്നെ ചെറുകഥകളിലും, മുഖം നഷ്ടപ്പെട്ട് അമാനവീകരിക്കപ്പെടുന്ന മനുഷ്യന്റെ ചിത്രം എം മുകുന്ദൻ വരച്ചുവെച്ചു. ‘വേശ്യകളേ നിങ്ങൾക്കൊരമ്പലം’, ‘രാധ രാധ മാത്രം’ തുടങ്ങിയ നിരവധി കഥകൾ ഉദാഹരണങ്ങൾ. എന്നാൽ, ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ഏതാണ്ട് അതേകാലത്ത് പുറത്തുവന്ന ‘ഖസാക്കിന്റെ ഇതിഹാസം’ പോലെത്തന്നെ മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചരിത്രവും ഭാവനയും ഇടകലർന്ന് ഭാവാത്മക ചരിത്രമായി രൂപംകൊണ്ട ആ രചനകളെപ്പറ്റി നിരവധി പഠനങ്ങൾ മലയാളത്തിൽ ഉണ്ടായി. ഇന്നും അടിസ്ഥാനപരമായി ആ നോവലിന്റെ പിൻബലം എം മുകുന്ദന്റെ സാഹിത്യ ജീവിതത്തിനുണ്ട്.
എം മുകുന്ദന്റെ മുഴുവൻ രചനകളെയും ഇവിടെ പരാമർശിക്കാൻ സാധ്യമല്ല. എങ്കിലും ‘കേശവന്റെ വിലാപങ്ങൾ’ എന്ന കൃതിയെപ്പറ്റി കൂടി ചില കാര്യങ്ങൾ പറയാതിരിക്കുന്നത് ഉചിതമല്ല. ഞാനുൾപ്പെടുന്ന ഒരു പ്രസ്ഥാനത്തെയാണ് ആ നോവൽ പ്രധാനമായും പരാമർശിക്കുന്നത്. അഥവാ, അതിന്റെ കേന്ദ്രസ്ഥാനത്ത് ഞങ്ങളുടെ പ്രസ്ഥാനം ഉണ്ട്. ഇ എം എസ് എന്ന ഒരു പ്രതീകത്തിലേക്കാണ് ഞങ്ങളുടെ പ്രസ്ഥാനത്തെ അദ്ദേഹം ചേർത്തുനിർത്തുന്നത്. ആ കൃതി ഒരു കറുത്ത പരിഹാസമാണെന്ന് ചിലർ പറഞ്ഞുകേട്ടിട്ടുണ്ട്.

എന്നാൽ, ഒരു നാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഗാഢമായി ആശ്ലേഷിച്ചതിന്റെ അടയാളങ്ങൾ ആ പുസ്തകത്തിൽ കാണാം. ഇ എം എസിനെപ്പോലുള്ള ഒരു നേതാവിനോടുള്ള മലയാളിയുടെ സ്‌നേഹത്തിന്റെ അടയാളങ്ങളും ആ പുസ്തകത്തിൽ ദൃശ്യമാണ്. ഇനി അതൊരു കറുത്ത പരിഹാസം ആണെങ്കിൽതന്നെ അത്തരം കൃതികൾ എഴുതാനുള്ള എം മുകുന്ദന്റെ സ്വാതന്ത്ര്യത്തെ മാനിക്കാൻ ഞങ്ങളുടെ പ്രസ്ഥാനത്തിനു കഴിയും. ഞങ്ങളെ എതിർക്കുന്നവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുള്ളപ്പോൾ അവരോടു വരെ ഐക്യദാർഢ്യപ്പെട്ടിട്ടുള്ള പ്രസ്ഥാനമാണ് ഞങ്ങളുടേത്.

‘പ്രവാസം’, ‘പുലയപ്പാട്ട്’ തുടങ്ങിയ ബൃഹത്‌രചനകളെക്കുറിച്ചെല്ലാം പറയാൻ ഈ അവസരം  വിനിയോഗിക്കുന്നില്ല. പക്ഷേ, ‘ഡൽഹി ഗാഥകൾ’ എന്ന രചനയെക്കുറിച്ച് അൽപം സൂചിപ്പിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തിനു ചുവടെ ചരിത്രത്തിന്റെ സാക്ഷികളായി, ചരിത്രത്തിന്റെ ഇരകളായി, ചരിത്രത്തിലെന്നും പരാജയപ്പെടുന്നവരായി കഴിയുന്ന ആയിരക്കണക്കിന് നിസ്സാരജന്മങ്ങളുടെ നേർക്ക് നിറഞ്ഞ സഹാനുഭൂതിയോടെ മുകുന്ദൻ ഈ നോവലിൽക്കൂടി പ്രതികരിക്കുന്നുണ്ട്.

ഡൽഹിയുടെ സാമൂഹികമായ സൂക്ഷ്മസ്പന്ദനങ്ങളെ എം മുകുന്ദൻ അതാതു ഘട്ടങ്ങളിൽ എഴുത്തിൽ പകർന്നുവെച്ചിരുന്നു. എം മുകുന്ദന്റെ കഥകളിൽ ആദ്യകാലത്ത് വിശപ്പ് ഒരു സജീവപ്രമേയമായിരുന്നു. എന്നാൽ, പിന്നീട് ചില സവിശേഷ ദർശനങ്ങൾ ആ കഥയുടെ പ്രമേയങ്ങളായി മാറി. ‘മുണ്ഡനം ചെയ്യപ്പെട്ട ജീവിതം’ തുടങ്ങിയ കഥകൾ ഉദാഹരണം. അതിൽ ഏറ്റവും ശ്രദ്ധേയം ‘ഡൽഹി 1981’ തന്നെ.

എം മുകുന്ദൻ നല്ല ഒരു വായനക്കാരൻ കൂടിയാണ്. ‘എന്താണ് ആധുനികത’ എന്ന ചെറിയ പുസ്തകം ഒരുപക്ഷേ, ആധുനികത ഉയർത്തിയ വാദങ്ങളെയും അതിനെതിരെ ഉയർന്ന പ്രതിവാദങ്ങളെയും ഒരേപോലെ പരിഗണിക്കുന്നുണ്ട്. എം മുകുന്ദൻ ഇപ്പോഴും കേരളത്തിലെ സാധാരണ ജനങ്ങൾക്കുവേണ്ടി എഴുതിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരുടെ ദൈന്യം അവരുടെ ഭാഷകളിൽ പകർത്തിക്കൊണ്ടേയിരിക്കുന്നു.

തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി, ചെറുകാട് തുടങ്ങിയ നവോത്ഥാന സാഹിത്യകാരന്മാരുടെ തലമുറയ്ക്കുശേഷം മലയാള കഥാ നോവൽ സാഹിത്യ മണ്ഡലങ്ങളിൽ ഏറ്റവുമധികം മുഴങ്ങി നിന്നത് ഒ വി വിജയന്റെയും എം മുകുന്ദന്റെയും ആനന്ദിന്റെയും ശബ്ദങ്ങളാണ്. തൊട്ടുമുമ്പുള്ള തലമുറയുടെ ചരിത്രത്തെ വ്യാഖ്യാനിച്ചും സമകാലിക ജീവിതത്തെ പ്രതിഫലിപ്പിച്ചും പുതിയ ഒരു സാഹിത്യമുണ്ടാക്കി. മുകുന്ദന്റെ തലമുറയാകട്ടെ, പാശ്ചാത്യ ആധുനികതയുടെ വെളിച്ചത്തിൽ പുതിയ ഒരു ഭാഷയും ആസ്വാദന സംസ്‌കാരവുമുണ്ടാക്കി. രണ്ടു കൂട്ടരും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ടവർ തന്നെ.
വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു തൊട്ടു മുൻ തലമുറയിലെ സാഹിത്യമെങ്കിൽ, മനോഭാവങ്ങളെ അപഗ്രഥിക്കുന്നതായി എം മുകുന്ദന്റെ തലമുറയുടെ സാഹിത്യം. അതിൽ മുകുന്ദനു വെളിച്ചം പകർന്നതാകട്ടെ, നേരത്തേ സൂചിപ്പിച്ചതുപോലെ ഫ്രഞ്ച് സാഹിത്യത്തിലെ ആധുനികതയാണ്. സാഹിത്യ സമീപനങ്ങളിൽ പെട്ടെന്ന് ഒരു മാറ്റമുണ്ടായപ്പോൾ ആസ്വാദക സമൂഹത്തിലെ യാഥാസ്ഥിതികർക്ക് അത് അതേപടി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതു കൊണ്ടുകൂടിയാവണം, ജീവിതത്തെ നിരാകരിക്കുന്നു പുത്തൻ സാഹിത്യം എന്ന വിമർശനം അന്നു ചിലരിൽ നിന്നുണ്ടായത്.


സാഹിത്യകാരനിൽ സമൂഹം വരുത്തുന്ന മാറ്റത്തിന്റെ ഉദാഹരണം കൂടി എം മുകുന്ദനിൽ കാണാം എന്ന് എനിക്കു തോന്നുന്നു. ഡൽഹിയിൽ നിന്നു കേരളത്തിലേക്കു വരുന്നതു മുതലുള്ള ഘട്ടത്തിലാണ് സാമൂഹ്യ യാഥാർത്ഥ്യങ്ങൾ കൂടുതൽ തീക്ഷ്ണമായി എം മുകുന്ദനിൽ പ്രതിഫലിച്ചു തുടങ്ങിയത് എന്നു കാണാം. സമൂഹത്തിലേക്കു കൂടുതൽ ഇറങ്ങിച്ചെന്നപ്പോൾ സമൂഹം എഴുത്തുകാരനിൽ വലിയ മാറ്റം വരുത്തുകയായിരുന്നു. ഈ മാറ്റവും തീർച്ചയായും വിമർശകരാൽ വിലയിരുത്തപ്പെടേണ്ടതാണ്.

സൂക്ഷ്മമായി നോക്കിയാൽ, എം മുകുന്ദൻ ആദ്യ ഘട്ടത്തിൽ പ്രതിഫലിപ്പിച്ചതും സമൂഹത്തെ തന്നെയായിരുന്നു എന്നു കാണാം. പുരോഗമനപരമായ മുന്നേറ്റങ്ങൾ സമൂഹത്തിലുണ്ടായ ഘട്ടത്തിൽത്തന്നെ വ്യക്തികളുടെ മാനസിക അപചയങ്ങളും അക്കാലത്തുണ്ടായി. ആ അപചയങ്ങളിലേക്ക് എം മുകുന്ദനെപ്പോലുള്ളവർ ശ്രദ്ധ തിരിച്ചു. അത് അപചയങ്ങളെ വാഴ്ത്താനായിരുന്നില്ല, മറിച്ച് അവതരിപ്പിക്കാൻ മാത്രമായിരുന്നു. അത് വേണ്ടത്ര അക്കാലത്ത് മനസ്സിലാക്കപ്പെട്ടിട്ടുണ്ടോ എന്നതു പരിശോധിക്കപ്പെടണം.

ഏതായാലും അക്കാലത്താണ് മലയാള ഗദ്യസാഹിത്യത്തിന്റെ ഭാഷയും സങ്കേതങ്ങളും മാറിയത്. അത് ആ വിധത്തിൽ നവീകരിക്കുന്നതിൽ, മാറ്റിയെടുക്കുന്നതിൽ എം മുകുന്ദനും ഒ വി വിജയനും പുനത്തിൽ കുഞ്ഞബ്ദുള്ളയും കാക്കനാടനും ഒക്കെ വലിയ പങ്കാണു വഹിച്ചത്. ആ മാറ്റത്തിന്റെ മുൻനിരക്കാരൻ തന്നെയായിരുന്നിട്ടുണ്ട് എം മുകുന്ദൻ. ആ മാറ്റത്തിന്റെ തുടക്കം കുറിക്കുന്ന കൃതികളുടെ നിരയിലാണ് എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിക്കുള്ള സ്ഥാനം. ചരിത്ര പശ്ചാത്തലത്തിൽ വ്യക്തിമനസ്സിനെ അപഗ്രഥിക്കുന്നതിലൂടെ സമൂഹത്തിന്റെ മനോഘടനയെത്തന്നെ അപഗ്രഥിക്കുകയായിരുന്നു ദാസൻ എന്ന കഥാപാത്രത്തിന്റെ ആവിഷ്‌ക്കാരത്തിലൂടെ എം മുകുന്ദൻ.

‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ പോലുള്ളവയെ അവഗണിച്ചുകൊണ്ട് ഒരാൾക്കും മലയാള നോവലിൽ സാഹിത്യചരിത്രം രചിക്കാനാവില്ല. അത്രമേൽ മലയാള സാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു നിൽക്കുന്നു എം മുകുന്ദന്റെ പേര്. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളിൽ നിന്നുമാറി നടന്നുകൊണ്ട് രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന എം മുകുന്ദന്റെ സ്ഥാനം, മലയാളത്തിൽ ഏറ്റവുമധികം വായനക്കാരുള്ള എഴുത്തുകാരുടെ നിരയിലാണ്. എം മുകുന്ദൻ ഏന്തെഴുതിയാലും എം മുകുന്ദനെക്കുറിച്ച് എന്ത് എഴുതിയാലും അതിനു വായനക്കാർ ഏറെയുണ്ടാവും.
എം മുകുന്ദന്റെ സാഹിത്യലോകത്തെയാകെ സൂക്ഷ്മവും സമഗ്രവുമായി വിലയിരുത്താൻ അമ്പതാം വാർഷികാഘോഷം ഉപകരിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാഹി എം എൽ എ രമേശ് പറമ്പത്ത് അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ ആമുഖപ്രഭാഷണം നടത്തി. ഡോ. കെ.പി മോഹനൻ, എ.എസ് പ്രിയ, ഇ.പി രാജഗോപാലൻ, എം.വി നികേഷ്കുമാർ, സംഘാടകസമിതി ചെയർമാൻ ഡോ. എ വത്സലൻ, ജനറൽ കൺവീനർ എ ജയരാജൻ എന്നിവർ സംസാരിച്ചു.

രാവിലെ നടന്ന ചിത്രകാരസംഗമം ടി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
പൊന്ന്യം ചന്ദ്രൻ അധ്യക്ഷനായിരുന്നു. നാരായണൻ കാവുമ്പായി, അസീസ് മാഹി, കെ.സി. നിഖിലേഷ് എന്നിവർ സംസാരിച്ചു.

മയ്യഴി: ഭാഷയും ഘടനയും വിഷയത്തിൽ ഇ.വി.രാമകൃഷ്ണൻ, മയ്യഴി: മലയാളനോവലിൻ്റെ വഴിത്തിരിവ്  വിഷയത്തിൽ കെ.വി.സജയ് എന്നിവർ പ്രഭാഷണം നടത്തി. വി.എസ്.ബിന്ദു അധ്യക്ഷയായ പരിപാടിയിൽ എം.കെ മനോഹരൻ, ഉത്തമരാജ് മാഹി എന്നിവർ പങ്കെടുത്തു. ഇഎം അഷ്‌റഫ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘ബോൺഴൂർ മയ്യഴി’ പ്രദർശിപ്പിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed