കേരളത്തിലെ സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിച്ചവർക്ക് ആശങ്ക വേണ്ട-മുഖ്യമന്ത്രി

0
കേരളത്തിലെ സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിച്ചവർക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും അത് പൂർണമായും ഭദ്രമാണെന്നും ആവർത്തിച്ച് ഉറപ്പിച്ചുപറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ട കർമ്മപദ്ധതി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാർ ഗ്യാരണ്ടിയോടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സംഘങ്ങളും നിക്ഷേപം തിരികെ നൽകാൻ കഴിയുന്ന തരത്തിൽ ആവശ്യമായ ലിക്വിഡിറ്റി എപ്പോഴും ഉറപ്പാക്കുന്നുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് നിക്ഷേപ ഗ്യാരണ്ടി ബോർഡുണ്ട്. ഇതിനും പുറമെ സഹകരണ പുനരുദ്ധാരണ നിധിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
കേരളത്തിലെ സഹകരണ മേഖലയുടെ നിക്ഷേപം കേരളത്തിന്റെ തന്നെ സമ്പത്താണ്. അത് പുറത്തെത്തിച്ച് വാണിജ്യ ബാങ്കുകളിലേക്കും കോർപ്പറേറ്റുകളിലേക്കും എത്തിക്കാനുള്ള അജണ്ടയാണ് ഇപ്പോൾ അരങ്ങേറുന്നത്. ഒരു വിശ്വാസ്യതയുമില്ലാത്ത മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ ഇവിടേക്കു കൊണ്ടുവരാൻ ശ്രമിക്കുകയാണ്. 1,500 ഓളം മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. അതിൽ 44 സംഘങ്ങളാണ് 2022 ൽ മാത്രം അഴിമതിയുടെ പേരിൽ അടച്ചുപൂട്ടപ്പെട്ടത്. 10,000 കോടിയിലേറെ രൂപയാണ് പൊതുജനങ്ങളിൽ നിന്ന് ഈ സംഘങ്ങൾ കവർന്നെടുത്തത്. അവയെക്കുറിച്ച് പത്രവാർത്തകളുമില്ല, അന്വേഷണങ്ങളുമില്ല.
കേവലം പണമിടപാട് നടത്തുന്ന സ്ഥാപനങ്ങൾ മാത്രമായി സഹകരണ സ്ഥാപനങ്ങളെ ചുരുക്കിക്കാണാൻ കഴിയില്ല. നമ്മുടെ കാർഷിക വികസനത്തിൽ, വ്യാവസായിക മുന്നേറ്റത്തിൽ, നിർമ്മാണ മേഖലയിൽ, വിപണി ഇടപെടലുകളിൽ, ക്ഷേമ പെൻഷൻ വിതരണത്തിൽ, സാമൂഹ്യസുരക്ഷ ഒരുക്കുന്നതിൽ തുടങ്ങി കേരളീയ സമൂഹത്തിന്റെ സമസ്ത മേഖലകളിലും സഹകരണ പ്രസ്ഥാനത്തിന്റെ കൈയ്യൊപ്പുണ്ട്.
സഹകാരികൾ പൊതുവിൽ അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നരാണ്. അഴിമതി പൊതുവിൽ ഇല്ലാത്തവരാണ്. എങ്കിലും നല്ല ജാഗ്രത എല്ലാ കാര്യങ്ങളിലും ഉണ്ടാവണം. സാമ്പത്തിക സ്ഥാപനം നടത്തുമ്പോൾ അതിന്റേതായ ചിട്ടകൾ കൃത്യമായി പാലിക്കണം. ഒരു തരത്തിലുള്ള തെറ്റായ പ്രവണതകൾക്കും വഴിപ്പെടരുത്. നിയതമായ മാനദണ്ഡങ്ങൾ ലംഘിക്കരുത്. സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവരുടെ വ്യക്തിപരമായ താൽപര്യത്തിന് മുൻതൂക്കം കൊടുത്ത് തെറ്റായ മാർഗങ്ങൾ നടപ്പാക്കാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള ബാങ്ക് കർമ്മ പദ്ധതിയിലൂടെ അഞ്ച് പ്രധാന ലക്ഷ്യങ്ങളാണ് നേടാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യക്ഷമതയ്ക്കായി കൂടുതൽ മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കുക, ബിസിനസ് വളർച്ച ത്വരിതപ്പെടുത്തുന്ന വിധത്തിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മുൻഗണന നൽകുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുക, ലാഭക്ഷമത വർധിപ്പിക്കുക, പ്രാഥമിക സഹകരണ സംഘങ്ങളെ കൂടുതൽ മികവിലേക്ക് നയിക്കുക, പദ്ധതികൾ നടപ്പാക്കുന്നതിലെ കാര്യക്ഷമത വർധിപ്പിക്കുക, എന്നിവയാണവ. ഈ ലക്ഷ്യങ്ങൾ നേടുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്തെ സഹകരണ മേഖലയ്ക്കാകെ അനുകരണീയമായ മാതൃകയാണ് കേരള ബാങ്ക്. കാർഷിക, തൊഴിൽ മേഖലകൾക്കുവേണ്ട മൂലധനം സ്വരൂപിക്കുന്നതിൽ വളരെ നിർണായകമായ ഇടപെടലാണ് കേരളാ ബാങ്ക് നടത്തിവരുന്നത്. ഇന്ന് കേരളാ ബാങ്ക് സഹകരണ മേഖലയിലെ ഏഷ്യയിലെ ഏറ്റവും സ്ഥാപനമായി വളർന്നിട്ടുണ്ട്. നിലവിൽ 823 ബ്രാഞ്ചുകളോടെ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഷെഡ്യൂൾഡ് ബാങ്ക് നെറ്റ്വർക്ക് ആയി മാറുന്നതിന് കേരള ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.
രൂപീകരണ ശേഷം ബാങ്കിന്റെ നിക്ഷേപത്തിലും വായ്പയിലും മൊത്തം ബിസിനസിലും ക്രമാനുഗതമായ വളർച്ചയുണ്ടായിട്ടുണ്ട്. 2024 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം ബിസിനസ് 1,16,582 കോടി രൂപയുടേതാണ്. മൊത്തം ബിസിനസിന്റെ കണക്കുവെച്ചു നോക്കിയാൽ കേരളം പ്രവർത്തന കേന്ദ്രമായുള്ള ബാങ്കുകളിൽ മൂന്നാം സ്ഥാനത്താണ് കേരള ബാങ്ക്. ബാങ്കിന്റെ മൊത്തം വായ്പ 50,000 കോടി രൂപയിലേക്ക് അടുക്കുകയാണ്. ഇതിൽ 25 ശതമാനം കാർഷിക മേഖലാ വായ്പകളാണ്. വായ്പക്ക് വേണ്ടി തങ്ങളെ സമീപിക്കുന്നവർക്ക് വായ്പ കൊടുക്കൽ മാത്രമായി ഉത്തരവാദിത്തം മാറ്റിത്തീർക്കാൻ പാടില്ല. ആ മേഖലയുടെ കാർഷിക അഭിവൃദ്ധിക്ക് വലിയ തോതിലുള്ള ഇടപെടൽ സഹകരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.

പാലക്കാട് പോലുള്ള പ്രധാന ഉത്പാദന കേന്ദ്രത്തിൽ നെല്ല് സംഭരണത്തിന്റെ പൂർണമായ ചുമതല സഹകരണ മേഖലയ്ക്ക് ആവണം എന്ന് കർഷകർ ആഗ്രഹിക്കുന്നുണ്ട്. സഹകരണ മേഖലയും അതിന് സന്നദ്ധമാണ്. ഇതിൽ ചില പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കാനുണ്ട്. ആ ചുമതല നിറവേറ്റാൻ കേരള ബാങ്ക് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇതിന് സർക്കാർ മറ്റ് സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് നടപടി എടുത്തുവരികയാണ്.

സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലും കേരള ബാങ്ക് നല്ല മാതൃകയാണ് മുന്നോട്ടുവെക്കുന്നത്. അഞ്ച് വ്യത്യസ്തത കോർ ബാങ്കിംഗ് സോഫ്റ്റ് വെയറുകളിൽ പ്രവർത്തിച്ചിരുന്ന ബാങ്കുകളെ ഏകീകൃത സോഫ്റ്റ് വെയറിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഏതൊരു ബാങ്കിനോടും കിടപിടിക്കുന്ന സോഫ്റ്റ് വെയർ സംവിധാനം കേരള ബാങ്കിനുണ്ട്. ആധുനിക ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ഒമ്‌നിചാനൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. നിലവിൽ 2,20,000 ഉപഭോക്താക്കളാണ് കേരള ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ചുവരുന്നത്. കേരള ബാങ്ക് മൊബൈൽ ആപ്പിലൂടെ നാളിതുവരെ 7,600 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കളിലേക്ക് കോർ ബാങ്കിംഗ് സംവിധാനങ്ങളും മൊബൈൽ ബാങ്കിംഗ് സംവിധാനങ്ങളും എത്തിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് മുഖ്യമന്തി പറഞ്ഞു.

സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. കേരള ബാങ്കിന്റെ പ്രവർത്തനങ്ങളിലൂടെ സഹകരണമേഖലക്ക് പൊതുവിലും സമൂഹത്തിനും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കേരള ബാങ്ക് രൂപീകരിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് കേരളത്തിലെ ചില ജില്ലാബാങ്കുകൾ തന്നെ കാണുവായിരുന്നില്ലെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതാണ്. പ്രവർത്തനങ്ങൾ മുന്നോട്ട് പോകാത്ത അവസ്ഥയിൽ ചില ജില്ലാ ബാങ്കുകൾ എത്തിയിരുന്നു. ആ സ്ഥിതിക്ക് പരിഹാരം കണ്ടുവെന്നും മന്ത്രി പറഞ്ഞു.
കേരള ബാങ്ക് എക്സലൻസ് അവാർഡ്, മിനിസ്റ്റേഴ്സ് ട്രോഫി, കർഷക അവാർഡ് എന്നിവ മന്ത്രി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്നകുമാരി, കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ, സഹകരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. വീണ എൻ മാധവൻ, നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പ്, കേരള ബാങ്ക് ഡയറക്ടർ കെ ജി വത്സലകുമാരി എന്നിവർ സംസാരിച്ചു. കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ കർമ്മപദ്ധതി വിശദീകരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *