നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയൻ
നഗരവത്കരണത്തിൻ്റെ സാധ്യതകളും പ്രശ്നങ്ങളും ഉൾക്കൊണ്ട് നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. 2011 ലെ കണക്കുകൾ പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 47 ശതമാനമാണ് നഗരജനസംഖ്യ. 2035 ഓടെ അത് 93 ശതമാനത്തിലേക്ക് എത്തിച്ചേരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആ നിലയ്ക്കു നോക്കിയാൽ അതിവേഗത്തിൽ നഗരവത്കരിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം. വ്യാവസായിക മുന്നേറ്റത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകും. ഇതിന്റെ ഭാഗമായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ വൻതോതിൽ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കണം. സംരംഭങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരവത്കരണം അതിവേഗത്തിൽ നടപ്പാക്കുമ്പോൾ ഏറ്റെടുക്കേണ്ട പ്രധാന വെല്ലുവിളികളാണ് മാലിന്യസംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും. നഗരഭരണ സ്ഥാപനങ്ങളിലെ ഖര-ദ്രവ മാലിന്യനിർമ്മാർജനത്തിനു പൂർണവും ഫലപ്രദവുമായ കേന്ദ്രീകൃത – വികേന്ദ്രീകൃത മാർഗ്ഗങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചവറുവലിച്ചെറിയൽ വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം ഗ്രീൻ ഓഡിറ്റിങ് സമിതികൾ രൂപീകരിച്ചും ഗ്രീൻ സർട്ടിഫിക്കേഷൻ നടപ്പാക്കിയും പച്ചത്തുരുത്തുകൾ രണ്ടായിരം ഏക്കറിലേക്കു വ്യാപിപ്പിച്ചും നാടിനെ ഹരിതാഭമാക്കിത്തീർക്കുകയാണ്.
സുസ്ഥിരമായ പരിസ്ഥിതി വികസന ലക്ഷ്യങ്ങൾ നഗരസഭയുടെ പ്രവർത്തനത്തിന്റെ ഭാഗമായി മാറണം. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനാകണം. കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുതകുന്ന പ്രവർത്തനങ്ങളിലും പങ്കാളികളാകണം. ജൈവവൈവിധ്യ സംരക്ഷണം ഒരു അജണ്ടയായിത്തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ഇതിന്റെ ഭാഗമായി നീർത്തട വികസന പദ്ധതികൾ രൂപപ്പെടുത്തണം. അങ്ങനെ ബഹുമുഖമായ ഇടപെടലുകളിലൂടെ നാടിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായിക മുന്നേറ്റത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വലിയ പങ്കുവഹിക്കാനാകും. ഇതിന്റെ ഭാഗമായി സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളെ വൻതോതിൽ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്‌കരിക്കണം. സംരംഭങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും നൈപുണ്യമുള്ള തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തണം. അതിനുതകും വിധമുള്ള പ്രത്യേക പരിശീലന പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിക്കണം. തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കണം. പുതിയ ആശയങ്ങളെ ഉത്പാദനോന്മുഖമായി പരിവർത്തിപ്പിക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുകയും വേണം. നൈപുണ്യ പരിശീലന പരിപാടികളിൽ വനിതകൾക്കും ദുർബല വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുകയും വേണം. നൂതന ലോകത്ത് ഉയർന്നുവരുന്ന വർക് ഫ്രം ഹോം പോലെയുള്ള തൊഴിൽ സംസ്‌കാരങ്ങൾക്കനുസരിച്ച് തൊഴിലാളികൾക്ക് പിന്തുണ നൽകുന്ന ഇടപെടലുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണം. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാണിജ്യപരമായി വലിയ ചരിത്രമുള്ള നാടാണ് തലശ്ശേരി. ഇത് ഉപയോഗപ്പെടുത്തി വിവിധ മേഖലകളിൽ മൂലധന നിക്ഷേപം വർദ്ധിപ്പിക്കാനും സംരംഭകത്വ വികസനം ഉറപ്പാക്കാനും കഴിയണം. സംസ്ഥാന സർക്കാർ ഇതിനുതകും വിധം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്.
തലശ്ശേരിയുടെ മുഖച്ഛായയിൽ മാറ്റങ്ങൾ വരുത്താൻ പറ്റുന്ന വിധത്തിൽ വിദഗ്ധസംഘത്തെ ഉപയോഗിച്ച് കൃത്യമായ മാസ്റ്റർ പ്ലാനോടെ നീങ്ങണം. നൈപുണ്യം തൊഴിലാളികൾക്ക് പ്രത്യേക പരിശീല പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിക്കണം.
പൊതുജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാനുള്ള പരിശ്രമങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇ-ഗവേണൻസ് സംവിധാനങ്ങളെ ശക്തമാക്കുന്നതും ഓൺലൈൻ സേവനങ്ങളും വാതിൽപ്പടി സേവനങ്ങളും ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമാണ്. നിലവിൽ 900 ത്തോളം സേവനങ്ങളാണ് ഓൺലൈനായി ലഭ്യമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പൊതുസേവനങ്ങളുടെ കാര്യത്തിൽ സർക്കാരിന്റെ സമീപനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ ജീവനക്കാർ തയ്യാറാകണം. സേവനങ്ങൾ ജനങ്ങളുടെ അവകാശമാണ്. ജീവനക്കാരും ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളുടെ സേവകരാണെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം. സത്യസന്ധതയോടെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരെ സർക്കാർ സംരക്ഷിക്കും. അഴിമതിക്കാരോട് വിട്ടുവീഴ്ച ഉണ്ടാവുകയുമില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷനായി. തലശ്ശേരിയിൽ പൈതൃക ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുകയാണെന്ന് ലക്ഷ്യമെന്ന് സ്പീക്കർ പറഞ്ഞു.
എക്സിക്യൂട്ടീവ് എഞ്ചിനീയർ പി രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടം പണി പൂർത്തീകരിച്ചവർക്കുള്ള ഉപഹാര സമർപ്പണം മുഖ്യമന്തി നിർവഹിച്ചു.
എഴുത്തുകാരിയും നഗരസഭാ കൗൺസിലറുമായ പി. പ്രമീളടിച്ചറുടെ പുതിയ നോവൽ കാലാന്തരങ്ങൾ പരിപാടിയിൽ പ്രകാശനം ചെയ്തു.
തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ, വൈസ് ചെയർമാൻ എം.വി.ജയരാജൻ, പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ സി.സോമൻ, നഗരസഭാംഗം ഫൈസൽ പുനത്തിൽ, തലശ്ശേരി നഗരസഭ സെക്രട്ടറി എൻ.സുരേഷ്കുമാർ, മുൻ ചെയർമാൻമാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നഗരസഭാ കൗൺസിലർമാർ ഒരുക്കിയ തലശ്ശേരിയെക്കുറിച്ചുള്ള സ്വാഗതഗാനം അരങ്ങേറി.