ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: ‘കണ്ണൂർ കയാക്കത്തോൺ 2024’ 24ന്

0
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ്, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് ‘കണ്ണൂർ കയാക്കത്തോൺ 2024’ നവംബർ 24 ഞായറാഴ്ച നടക്കും. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ നിന്ന് രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരം രാവിലെ 10 മണിയോടെ അഴീക്കൽ ബോട്ട് ടെർമിനലിൽ അവസാനിക്കും. 11 കിലോ മീറ്റർ ദൂരത്തിലാണ് മത്സരം.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ കർണാടക, തമിഴ്‌നാട്, ഡൽഹി, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, തെലങ്കാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളും ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. സിംഗിൾ, ഡബിൾ കയാക്കുകൾ മത്സരത്തിലുണ്ടാകും.
സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ട് വിഭാഗങ്ങളിലായി പ്രത്യേക മൽസരം നടത്തും. ഡബിൾ കയാക്കുകളിൽ പുരുഷന്മാരുടെ ടീം, സ്ത്രീകളുടെ ടീം, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ടീം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ പ്രത്യേക മത്സരം ഉണ്ടാകും. ഗ്രൂപ്പ് മത്സരത്തിന് ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യാഥാക്രമം 50000, 25000, 10000 രൂപ സമ്മാനമായി നൽകും. ഓരോ വിഭാഗത്തിലും വ്യക്തിഗത മത്സര വിജയിക്ക് 25000, 15000, 5000 രൂപയും ലഭിക്കും. മത്സരാർഥികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് വിവിധ കരകളിൽ ആംബുലൻസ്, ബോട്ടുകളിൽ മെഡിക്കൽ ടീം, കുടിവെള്ളം, സ്‌ക്യൂബാ ടീം എന്നിവ ഉറപ്പാക്കും. കൂടാതെ ആവശ്യമായ കുടിവെള്ളവും റിഫ്രഷ്‌മെന്റുകളും കയാക്കുകളിലും നൽകും.

ഗ്രാമസൗന്ദര്യം ആസ്വദിച്ചും കണ്ടലിന്റെ സമൃദ്ധി കണ്ടറിഞ്ഞുമുള്ള വ്യത്യസ്ത അനുഭവമായിരിക്കും കയാക്കിങ്ങ് നൽകുക. നിരവധി തുരുത്തുകൾ, വളപ്പട്ടണം റയിൽവേ പാലത്തിനു കീഴിലൂടെയുള്ള യാത്ര, ഓട് ഫാക്ടറികൾ, ചെറു തോണികളിൽ  നിന്നുള്ള മീൻ പിടുത്തം, കണ്ടൽ  കാടുകൾ അങ്ങനെ പലവിധ കാഴ്ചകളാണ് പറശ്ശിനി മുതൽ അഴീക്കൽ വരെയുള്ള കയാക്കിങ്ങിലൂടെ നേരിട്ട് അനുഭവിച്ചറിയാന് സാധിക്കുക. 2022ൽ  തുടക്കം കുറിച്ച ചാമ്പ്യൻഷിപ്പിന്റെ രണ്ടാം എഡിഷന് ആണ് ഈ വർഷം നടക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *