ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ 10 കേസുകൾ പരിഗണിച്ചു
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റിങ്ങിൽ പത്ത് പരാതികൾ പരിഗണിച്ചു. മൂന്ന് എണ്ണം തീർപ്പാക്കി. ഏഴെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. നഷ്ടപരിഹാരം, സർട്ടിഫിക്കറ്റ് പിടിച്ചുവക്കൽ, ഭൂമിതരംമാറ്റം, വഴിതർക്കം തുടങ്ങിയ പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന ആറളം ഉരുപ്പുകുണ്ട് സ്വദേശിയുടെ പരാതി കമ്മീഷന്റെ ഇടപെടൽ മൂലം തീർപ്പായി. പരാതിക്കാരന് 37,433 രൂപ നഷ്ടപരിഹാരം അനുവദിച്ച് നൽകിയതായി ആറളം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചുവെന്ന വിദ്യാർഥിനിയുടെ രക്ഷകർത്താവിന്റെ പരാതിയും തീർപ്പായി. ഫീസ് ഇനത്തിൽ കുടിശ്ശിക വന്നതിനാലാണ് സർട്ടിഫിക്കറ്റുകൾ നൽകാത്തതെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ നിലപാടെടുത്തതോടെ വിദ്യാർഥിനിക്ക് സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാമെന്ന് മാനേജ്മെന്റ് അറിയിച്ചു. 2018ലെ നെൽവയൽ തണ്ണീർത്തട ഭേദഗതി ആക്ടിൽ ഉൾപ്പെടാത്ത ഭൂമി തരംമാറ്റാനാകുന്നില്ലെന്ന ഇരിട്ടി സ്വദേശിയുടെ പരാതിയും തീർപ്പാക്കി. പരാതിക്കാരൻ ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിച്ച് റിപ്പോർട്ട് നൽകിയാൽ ഭൂമി തരംമാറ്റി നൽകുമെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.