ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്: ബോധവത്കരണ വാരാഘോഷം തുടങ്ങി
ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ വാരാഘോഷത്തിന് തുടക്കമായി. നവംബർ 24 വരെ നടത്തുന്ന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാശുപത്രിയിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. ജില്ലാശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് അധ്യക്ഷനായി. എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ.സി സച്ചിൻ, ആർദ്രം നോഡൽ ഓഫീസർ ഡോ സി.പി ബിജോയ്, ആർ പി എച്ച് ലാബ് കൺസൽട്ടന്റ് ഡോ ശ്രീജ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എസ്.എസ് ആർദ്ര എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ എഎംആർ നോഡൽ ഓഫീസർ ഡോ പി ലത ക്ലാസെടുത്തു.
മനുഷ്യനെയും മൃഗങ്ങളെയും സസ്യങ്ങളെയും ബാധിക്കുന്ന പകർച്ചവ്യാധികളെ തടയുന്നവയാണ് ആന്റിമൈക്രോബിയലുകൾ. ആന്റിബയോട്ടിക്സുകൾ, ആന്റിവൈറലുകൾ, ആന്റിഫംഗലുകൾ, ആന്റി പാരസൈറ്റിക്കുകൾ തുടങ്ങിയവ ആന്റിമൈക്രോബിയലുകൾക്ക് ഉദാഹരണമാണ്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകൾ കഴിക്കുക. അസുഖം ഭേദമായി എന്ന് തോന്നിയാലും ഡോക്ടർ നിർദേശിച്ച കാലയളവിൽ ആന്റിബയോട്ടിക്കുകൾ നിർബന്ധമായും കഴിക്കേണ്ടതാണ്.