എഡ്യൂ എക്‌സ്‌പോ ടേണിങ് പോയിന്റ് മൂന്നാം പതിപ്പിന് തുടക്കമായി
തളിപ്പറമ്പ് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള എഡ്യൂ എക്‌സ്‌പോ ടേണിങ് പോയിന്റ് മൂന്നാം പതിപ്പ് കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ചലച്ചിത്ര താരം അന്ന ബെൻ ഉദ്ഘാടനം ചെയ്തു. എല്ലാവരുടെ ജീവിതത്തിലും പല പല ടേണിംഗ് പോയിൻറുകൾ ഉണ്ടാവുമെന്ന് അന്ന ബെൻ പറഞ്ഞു. ധൈര്യത്തോടെ അവ അനുഭവിക്കുക. എഡ്യു എക്‌സ്‌പോ പല അവസരങ്ങൾ, പല മേഖലകൾ വിദ്യാർഥികൾക്കുമുന്നിൽ തുറന്നിടുന്നു. അവ എന്താണെന്ന് അറിയുന്നത് വിദ്യാർഥികളുടെ ഇഷ്ടങ്ങളിലേക്ക് നയിക്കുന്നെും അവർ പറഞ്ഞു.
വിദ്യാഭ്യാസം തൊഴിൽ തേടുന്നതിനുള്ള മുന്നൊരുക്കം മാത്രമല്ലെന്ന് അധ്യക്ഷത വഹിച്ച എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. വ്യക്തി വികാസത്തിനുള്ള ഊർജവും സാമൂഹിക വികസനത്തിനുള്ള കരുത്തും വിദ്യാഭ്യാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് ഐ ടി ഐ എൽ എം ഡി ഡോ. സന്തോഷ് ബാബു, ചലച്ചിത്ര താരങ്ങളായ നിഖില വിമൽ, സന്തോഷ് കീഴാറ്റൂർ, കനറ ബാങ്ക് ഡെപ്യൂട്ടി ജിഎം വി കെ ശ്രീകാന്ത് എന്നിവർ വിശിഷ്ടാതിഥികളായി. തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി കോ ഓർഡിനേറ്റർ ഡോ. കെ പി രാജേഷ് എക്‌സ്‌പോ വിശദീകരിച്ചു. സംഘാടക സമിതി ചെയർമാൻ കെ സി ഹരികൃഷ്ണൻ മാസ്റ്റർ, കൺവീനർ കെ സി സുനിൽ എന്നിവർ സംസാരിച്ചു.
ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ പ്രമീള, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ മജീദ്, മണ്ഡലം വികസന സമിതി കൺവീനർ കെ സന്തോഷ്, കണ്ണൂർ സർവകലാശാല രജിസ്ട്രാർ ഡോ ജോബി കെ ജോസ്, സിജി ആൻഡ് എസി സംസ്ഥാന കോ ഓർഡിനേറ്റർ അസീം, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ, കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, ആന്തൂർ നഗരസഭ മുൻ ചെയർപേഴ്‌സൺ പി കെ ശ്യാമള ടീച്ചർ, കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ രാജേഷ് കെഎൻ, തളിപ്പറമ്പ് നോർത്ത് എഇഒ മനോജ് കുമാർ, തളിപ്പറമ്പ് സൗത്ത് എഇഒ ജാൻസി ജോൺ, ജില്ലാ ഹയർ സെക്കണ്ടറി കോ ഓർഡിനേറ്റർ എൻകെ അനൂപ് കുമാർ എൻ കെ, മോറാഴ കോ ഓപ്പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് ചെയർമാൻ പി ഒ മുരളീധരൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
വിവിധ സെഷനുകളിൽ സിവിൽ സർവീസ്-ഡോ. സന്തോഷ് ബാബു, കോമേഴ്‌സ് ആൻഡ് മാനേജ്‌മെൻറ് സ്റ്റഡീസ്-കരിയർ ഗുരു എംഎസ് ജലീൽ, സ്റ്റാർട്ടപ്പുകളും സംരംഭകത്വവും-കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, പത്താംതരത്തിന് ശേഷമുള്ള ഉപരിപഠന സാധ്യതകൾ-അൻവർ മുട്ടാഞ്ചേരി, ഉപരിപഠന മേഖലയിലെ സാമ്പത്തിക ആസൂത്രണവും വിദ്യാഭ്യാസ വായ്പാ സാധ്യതകളും-കനറ ബാങ്ക് ഡിവിഷനൽ മാനേജർ പി കെ അനിൽകുമാർ, സീനിയർ മാനേജർ എംകെ നിതിൻ എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി എജുക്കേഷന്റെ നേതൃത്വത്തിൽ അഭിരുചി പരീക്ഷയും നടത്തി. നവംബർ 15ന് ഗുഡ് പാരൻറിംഗ്, എൻജിനീയറിംഗ് കോഴ്‌സുകളും സാധ്യതകളും, ഡാറ്റ അനലറ്റിക്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഹെൽത്ത് സയൻസസ് സാധ്യതകൾ, വൈവിധ്യവത്കരിക്കപ്പെടുന്ന കോഴ്‌സുകളും മാറുന്ന തൊഴിൽ സാധ്യതകളും, വിദേശരാജ്യങ്ങളിലെ ഉപരിപഠനം, ഹ്യുമാനിറ്റീസ് ഉപരിപഠന മേഖലകൾ എന്നീ സെഷനുകളിൽ വിദഗ്ധർ സംസാരിക്കും. അഭിരുചി പരീക്ഷയും ഉണ്ടാവും.
തളിപ്പറമ്പ് മണ്ഡലത്തിലെയും പുറത്തെയും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ ഉൾപ്പെടെ ആറായിരത്തോളം പേർ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നു.