39ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പ് കണ്ണൂരിൽ; സംഘാടക സമിതി രൂപീകരിച്ചു

0

കേരള സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ 39ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് കണ്ണൂർ ആതിഥ്യമരുളുന്നു. ദേശീയ സീനിയൽ പുരുഷ-വനിതാ ഫെൻസിങ് ചാമ്പ്യൻഷിപ്പ് 2024 ഡിസംബർ 31, 2025 ജനുവരി ഒന്ന്, രണ്ട്, മൂന്ന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് നടക്കുക. ആദ്യമായാണ് ഇത്തരമൊരു ചാമ്പ്യൻഷിപ്പിന് കണ്ണൂർ ആതിഥേയത്വം വഹിക്കുന്നത്.

ഉത്തരാഖണ്ഡിൽ 2025 ജനുവരി അവസാനം നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കേണ്ട കേരള താരങ്ങളെ കണ്ടെത്താനുള്ള മത്സരം കൂടിയാണിത്. അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ 800ഓളം കായികതാരങ്ങളും നൂറോളം ഒഫീഷ്യലുകളും മേളയിൽ പങ്കെടുക്കും.

ചാമ്പ്യൻഷിപ്പ് വിജയകരമായി നടത്തുന്നതിനുള്ള സംഘാടകസമിതി രൂപീകരണയോഗം ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ മേയർ മുസ്ലീഹ് മഠത്തിൽ അധ്യക്ഷനായി.

മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ അഡ്വ. എഎൻ ഷംസീർ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി അബ്ദുറഹ്മാൻ, മേയർ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ രക്ഷാധികാരികളായാണ് വിപുലമായ സംഘാടക സമിതി. കെ വി സുമേഷ് എംഎൽഎ ചെയർമാനും കേരള ഫെൻസിങ്ങ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ. വിനീഷ് ജനറൽ കൺവീനറുമാണ്. വിവിധ ഉപസമിതികളും രൂപീകരിച്ചു. കേരള ഫെൻസിങ്ങ് അസോസിയേഷൻ സെക്രട്ടറി പി എ മുജീബ് റഹ്മാനാണ് ഓർഗനൈസിംഗ് സെക്രട്ടറി. ജില്ലാ ഫെൻസിങ് അസോസിയേഷൻ പ്രസിഡൻറ് ടി സി സക്കീർ വർക്കിംഗ് ചെയർമാനാണ്. കൺവീനർമാർ: വി പി പവിത്രൻ, പ്രദീപ്, വി പി ദിൽന. മറ്റ് ജനപ്രതിധികളും ജില്ലാമേധാവികളും സംഘാടക സമിതിയുടെ ഭാഗമാണ്.

സംഘാടകസമിതി രൂപീകരണ യോഗത്തിൽ കെ വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സിറ്റി പോലീസ് മേധാവി അജിത് കുമാർ, ഒ.കെ. വിനീഷ്, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, വി പി പവിത്രൻ, ടി സി സക്കീർ എന്നിവർ സംസാരിച്ചു. പി എ മുജീബ് റഹ്മാൻ ചാമ്പ്യൻഷിപ്പ് വിശദീകരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *