തുണിയിൽ കല്ലുകെട്ടി അടിച്ചു: മധ്യവയസ്കനെ ആക്രമിച്ച് പണവും കാറും കവർന്നു ; വളപട്ടണത്ത് നാലംഗ കവർച്ച സംഘം പിടിയിൽ
വളപട്ടണത്ത് മധ്യവയസ്കനെ ആക്രമിച്ചു കൊള്ളയടിച്ച നാലംഗ കവർച്ച സംഘം പിടിയിൽ. ഇരിക്കൂർ ചെടിച്ചേരി സ്വദേശി കെ പി ഹംസയാണ് അക്രമത്തിന് ഇരയായത്. വിൽപനക്കായി വെച്ച സ്ഥലം കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ഹംസയെ വിളിച്ചുവരുത്തിയ സംഘം ക്രൂരമായി മർദിച്ചശേഷം കാറും, പണവും, റാഡോ വാച്ചും കവരുകയായിരുന്നു.
സംഭവത്തിൽ കോട്ടക്കുന്ന് സ്വദേശി പി ടി റഹീം(55), ചിറക്കൽ ഓണപ്പറമ്പിലെ സൂരജ്(34), വളപട്ടണം മനയിലെ അജിനാസ് (32), ചിറക്കൽ കാഞ്ഞിരത്തറയിലെ റഫീഖ്(30) എന്നിവരാണ് പിടിയിലായത്. ഹംസയെ വിളിച്ചു വരുത്തിയ പ്രതികൾ തുണിയിൽ കല്ലുകെട്ടി മർദിക്കുകയും, കൈകൊണ്ട് അടിക്കുകയും ചെയ്തു. അവശനായ ഹംസയുടെ കാറും, ഡാഷ് ബോഡിൽ സൂക്ഷിച്ച 2,66,000 രൂപയും, 1,65,000 രൂപയുടെ റാഡോ വാച്ചും കൈക്കലാക്കി. നാട്ടുകാരുടെ സഹായത്തോടെ ഹംസ പരാതി നൽകിയതോടെ പോലീസ് നടത്തിയ തെരച്ചിലിൽ വിവിധ സ്ഥലങ്ങളിൽനിന്നായിപ്രതികളെ പിടികൂടുകയായിരുന്നു.