ജാഗ്രതയോടെ സുനാമി പ്രതിരോധ തയ്യാറെടുപ്പ് മോക് ഡ്രില്‍: ഏകോപനവും ജനപങ്കാളിത്തവും ശ്രദ്ദേയമായി

0

സുനാമി മുന്നറിയിപ്പുമായി അനൗണ്‍സ്‌മെന്റ് വാഹനം അഴീക്കോട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോയതോടെ ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും പെട്ടെന്ന് തന്നെ ഒന്നാം വാര്‍ഡിലെ ലൈറ്റ് ഹൗസ് ഗ്രൗണ്ടില്‍ പ്രദേശവാസികള്‍ തടിച്ചുകൂടി. സുനാമി റെഡി പദ്ധതിയുടെ ഭാഗമായി മോക് ഡ്രില്‍ ഉണ്ടാകുമെന്ന് അറിയാമെങ്കിലും സംവിധാനങ്ങളെല്ലാം നേരിട്ട് കണ്ട അങ്കലാപ്പിലായിരുന്നു ജനങ്ങള്‍. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനും ഒഴിപ്പിക്കല്‍ നടപടികള്‍ക്കും നൂറുകണക്കിനാളുകള്‍ സാക്ഷിയായി.

മോക് ഡ്രില്ലിന്റെ ഭാഗമായി രാവിലെ 10.03 നാണ് ഇന്തോനേഷ്യന്‍ തീരങ്ങളില്‍ 9.3 തീവ്രതയില്‍ ഭൂമി കുലുക്കം ഉണ്ടായതിന്റെ ഫലമായി കേരള കടല്‍ തീരങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത ഉണ്ടെന്നും അഴിക്കോട് ഗ്രാമ പഞ്ചായത്തിലെ ജനങ്ങള്‍ ജാഗരൂഗരാകാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നും കണ്ണൂര്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് അപകട സാധ്യത സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് അഴീക്കോട് വില്ലേജ് ഓഫീസുകളിലേക്കും അഴീക്കോട് ഗ്രാമ പഞ്ചായത്തിലേക്കും വിവരം കൈമാറി. ജനങ്ങളോട് ജാഗ്രത പുലര്‍ത്താനും ബീച്ചുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാനും നിര്‍ദ്ദേശിച്ചു. മൈക്ക് അനൗണ്‍സ്‌മെന്റ് വഴി തീരദേശ വാസികള്‍ക്ക് സുരക്ഷിതരായി അസംബ്ലി പോയിന്റില്‍ എത്തിചേരാനുള്ള നിര്‍ദേശം നല്‍കി.

വകുപ്പ് മേധാവികള്‍, ഇ.ആര്‍.ടി അംഗങ്ങള്‍, ഓഫ് സൈറ്റ് ഇന്‍സിഡന്റ് കമാന്‍ഡര്‍ എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിചേരുന്നു. ഉടനെ രക്ഷാപ്രവര്‍ത്തനം, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൃത്യമായി ഗതാഗതം നിയന്ത്രിച്ചുകൊണ്ട് കോസ്റ്റല്‍ പോലീസും വളപട്ടണം പോലീസും അഴിക്കോട് ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിതരായി അസംബ്ലി പോയിന്റില്‍ എത്തിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം അംഗങ്ങള്‍ ആംബുലന്‍സില്‍ അസംബ്ലി പോയിന്റില്‍ എത്തിച്ച കിടപ്പ് രോഗികള്‍ക്ക് മെഡിക്കല്‍ ടീം അംഗങ്ങള്‍ പ്രഥമ ശുശ്രൂഷ നല്‍കി. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ രാമജയം യു പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുവാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കണ്ണൂര്‍ താലൂക്ക് ഓഫീസിലെ ഐ ആര്‍ എസ് കണ്‍ട്രോള്‍ റൂമാണ് മോക് ഡ്രില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, 23 വാര്‍ഡുകാരാണ് സുനാമി റെഡി പദ്ധതിയുടെ ഭാഗമായി നടന്ന മോക് ഡ്രില്ലില്‍ പങ്കാളികളായത്. അസംബ്ലി പോയിന്റായിരുന്ന അഴീക്കോട് ലൈറ്റ് ഹൗസ് ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്ന പ്രദേശവാസികള്‍ക്ക് മോക് ഡ്രില്‍ സംബന്ധിച്ച വിവരങ്ങള്‍ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ഹസാര്‍ഡ് അനലിസ്റ്റ് ഐശ്വര്യ, ഫയര്‍ ഓഫീസര്‍ ഹരിനാരായണന്‍, കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.പി അനില്‍ കുമാര്‍, അഴീക്കോട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍ സുരേന്ദ്രന്‍, കില ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആര്‍ രാജ്കുമാര്‍, അഴീക്കോട് നോര്‍ത്ത് വില്ലേജ് ഓഫീസര്‍ എം.ബിജു എന്നിവര്‍ വിശദീകരിച്ചു.

മോക് ഡ്രില്‍ ഓപ്പറേഷനില്‍ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ കെ വി ശ്രുതി നേതൃത്വം നൽകി. അഴീക്കോട്‌ തഹസില്‍ദാര്‍ ആന്റ് ഇന്‍സിഡന്റ് കമാന്‍ഡര്‍ എം.ടി സുരേഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. വകുപ്പുകളെല്ലാം കര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും ഏകോപനം മികച്ച രീതിയിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സുനാമി റെഡി പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വര്‍ദ്ധിപ്പിക്കുക, സമൂ ഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില എന്നിവ സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *