ഓട്ടോറിക്ഷ പ്രീപെയ്ഡ് നിരക്കും ടൗണ്‍ പരിധിയും ഒരു മാസത്തിനകം പുനര്‍ നിശ്ചയിക്കും
ഓട്ടോറിക്ഷ പാര്‍ക്കിംഗ്, കെ സി നമ്പര്‍ അനുവദിക്കല്‍, പ്രീപെയ്ഡ് നിരക്ക് നിശ്ചയിക്കല്‍ എന്നിവ സംബന്ധിച്ച് കോര്‍പ്പറേഷന്‍ തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍, പ്രസ് ക്ലബ്ബ്, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെയും സംയുക്തയോഗം മേയര്‍ മുസ്ലിഹ് മഠത്തിലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഓട്ടോറിക്ഷാ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും നിയമസഭാപ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെട്ട സബ്കമ്മിറ്റി രൂപീകരിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും കോര്‍പ്പറേഷന്‍ കൗണ്‍സിലിന്‍റെയും അംഗീകാരത്തോടുകൂടി പ്രീപെയ്ഡ് നിരക്ക്, നഗരപരിധി എന്നിവ സംബന്ധിച്ച് തീരുമാനമെടുത്ത് ഒരു മാസത്തിനുള്ളില്‍ നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.
ഓട്ടോറിക്ഷാ അധികചാര്‍ജ്ജ് സംബന്ധിച്ച് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മീറ്റര്‍ ചാര്‍ജ്ജ് മാത്രമെ ഈടാക്കാന്‍ പാടുള്ളൂ എന്നും കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്ത് പോകുമ്പോള്‍ മീറ്റര്‍ ചാര്‍ജ്ജും, പകുതിയും നിരക്കായി ഈടാക്കാമെന്നും ഇത് സംബന്ധിച്ച് ആര്‍ ടി ഒ ഉണ്ണികൃഷ്ണന്‍ ഇ എസ് വിശദീകരിച്ചു.
ഒരു മാസത്തിനുള്ളില്‍ കെ സി നമ്പര്‍ വെരിഫിക്കേഷന്‍ നടത്തി ലിസ്റ്റ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുന്നതാണെന്നും ടി പി നമ്പര്‍ ആര്‍ ടി ഒ മുഖേന നല്‍കിയിട്ടില്ലെന്നും ആര്‍ ടി ഒ വിശദീകരിച്ചു. ആയതു പ്രകാരം കെ സി നമ്പര്‍ വെരിഫിക്കേഷന്‍ നടത്തി ഒരാള്‍ക്ക് ഒരു പെര്‍മ്മിറ്റ് മാത്രം അനുവദിച്ച് ഒഴിവു വരുന്നവയില്‍ നഗരപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി കെ സി നമ്പര്‍ അനുവദിക്കുന്നതിനും ടി പി നമ്പര്‍ കോര്‍പ്പറേഷന്‍, ആര്‍ ടി ഒ മുഖേന അനുവദിച്ചതല്ലാത്തതിനാല്‍ ആയത് അടിയന്തിരമായി ഓട്ടോറിക്ഷകളില്‍ നിന്നും നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ട്രാഫിക് പോലീസ്, ആര്‍ ടി ഒ ഇടപെട്ട് ടി പി സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്നും യോഗം തീരുമാനിച്ചു.
സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, സി സമീര്‍, കെ വി സലീം, പുനത്തില്‍ ബാഷിത്, സി സുനില്‍ കുമാര്‍, സി മനോഹരന്‍, എ വി പ്രകാശന്‍, അനീഷ് കുമാര്‍, വെള്ളോറ രാജന്‍, കുന്നോത്ത് രാജീവന്‍, എന്‍ ലക്ഷ്മണന്‍, സി ധീരജ്, എന്‍ പ്രസാദ്, കെ രാംദാസ്, നവാസ് ടി കെ, അബ്ദുള്‍ അസീസ് കെ, കെ പി സത്താര്‍ എന്നിവര്‍ സംസാരിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി അജേഷ് ടി ജി നന്ദി രേഖപ്പെടുത്തി. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ രാഗേഷ്, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ ടി രവീന്ദ്രന്‍, എന്‍ ഉഷ, അഡീഷണല്‍ സെക്രട്ടറി ഡി ജയകുമാര്‍, തഹസില്‍ദാര്‍ ഷിനു വി, എ എം വി ഐ റോഷന്‍ എം പി, ട്രാഫിക് എസ് ഐ മനോജ് കുമാര്‍, കണ്ണൂര്‍ ടൗണ്‍ എസ് ഐ ഷഹീഷ് കെ കെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.