സ്വയംസംരംഭങ്ങൾക്ക് മാതൃകയായി രഹന കമ്മ്യൂണിറ്റി കിച്ചൻ
കുടുംബശ്രീ സ്വയം സംരംഭങ്ങൾക്ക് മാതൃകയാണ് മാട്ടൂൽ പഞ്ചായത്തിലെ സാന്ത്വനം കുടുംബശ്രീയുടെ രഹന കമ്മ്യൂണിറ്റി കിച്ചൻ. വീട്ടിൽ നിന്നും നിർമിക്കുന്ന പുട്ടുപൊടി, കറി പൗഡറുകൾ, ചിപ്സ്, ബേക്കറി പലഹാരങ്ങൾ തുടങ്ങിയവക്ക് ഗൾഫിൽ വരെ ആവശ്യക്കാർ ഏറെയാണിപ്പോൾ.
കോവിഡ് സമയത്ത് പലഹാര നിർമ്മാണം കൂടാതെ ഉച്ചഭക്ഷണം ഉണ്ടാക്കി ഒരു രൂപ പോലും വാങ്ങാതെ മാട്ടൂൽ പ്രദേശത്തെ ക്വാറന്റൈനിലുള്ള ആവശ്യക്കാർക്ക് എത്തിച്ചു നൽകിയാണ് കമ്മ്യൂണിറ്റി കിച്ചന്റെ തുടക്കം. പിന്നീട് കല്യാണം, മദ്രസ പരിപാടികൾ, പിറന്നാൾ, ഉത്സവങ്ങൾ എന്നിങ്ങനെ പ്രദേശത്തെ മിക്ക പരിപാടികളിലും പാചകം രഹന കമ്മ്യൂണിറ്റി കിച്ചനിൽ നിന്നായി. മാട്ടൂൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 200 കുട്ടികൾക്ക് 35 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്നതാണ് പ്രധാന വരുമാനം. കൂടുതൽ സ്ത്രീകൾക്ക് ജോലി നൽകി പ്രദേശത്തെ മറ്റ് സ്കൂളുകളിലേക്കും ഉച്ച ഭക്ഷണം പദ്ധതി എത്തിക്കാനുള്ള ശ്രമത്തിലാണ് റഹ്മത്തിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ. ഒരു നേരമ്പോക്കിനായി തുടങ്ങിയ സംരംഭത്തിന്റെ ലാഭ വിഹിതം ഇപ്പോൾ മാസം ഒന്നര ലക്ഷം രൂപയാണ്. വീട്ടിൽ നിർമിക്കുന്ന പലഹാരങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴി വില്‍ക്കുന്നുമുണ്ട്. മാട്ടൂൽ പഞ്ചായത്ത് മൂന്നാം വാർഡിലെ സെന്റർ കപ്പാലത്താണ് കമ്മ്യൂണിറ്റി കിച്ചൻ സ്ഥിതി ചെയ്യുന്നത്.