ആറളം ഫാമില്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധം: എഐടിയുസി

0

ആറളം ഫാം മാനേജിങ്ങ് ഡയറക്ടരുടെ പേരില്‍ ഇന്നലെ വന്ന പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടിയുള്ളതാണെന്ന് ആറളം സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം ലേബര്‍ യൂനിയന്‍(എഐടിയുസി). എം ഡി പറയുന്നതുപോലെ ആറളം ഫാമില്‍ തരിശുഭൂമിയല്ല കരാര്‍ കൊടുത്തത്. തെങ്ങും കശുമാവും കുരുമുളകും കവുങ്ങും മറ്റും കൃഷിചെയ്ത് വിളവെടുത്ത് വരുന്ന ഫലപൂഷ്ടമായ ഭൂമിയാണ് കരാര്‍ കൊടുത്തിരിക്കുന്നത്. കാട്ടാനയും മറ്റും കൃഷിനശിപ്പിച്ചിട്ടുണ്ടെന്നത് ശരിയാണ്. അതിന് കൃഷിവെച്ച് പിടിപ്പിച്ച് സംരക്ഷിക്കുകയാണ് വേണ്ടത്. എന്നാല്‍ പ്ലാന്റേഷന്‍ മേഖലയില്‍ 200 ഏക്കറോളം സ്ഥലം റബ്ബര്‍ മുറിച്ചുമാറ്റി തരിശായിട്ടിരിക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ തരിശുഭൂമിയില്‍ കൃഷി ഇറക്കുന്നതിന് ഫാമിനോ സംരഭകര്‍ക്കോ താത്പര്യമില്ല. പകരം കൃഷി ഭൂമി തന്നെ കൊടുക്കണം.
ആദിവാസി വിഭാഗങ്ങള്‍ക്ക് 70 ശതമാനം തൊഴില്‍ ലഭിക്കുമെന്നാണ് എം ഡി പറയുന്നത്. ഇതിന് വല്ല ലിസ്റ്റും ഫാമിന്റെ കൈയ്യില്‍ ഉണ്ടോയെന്ന കാര്യം തന്നെ സംശയമാണ്. ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ല. ലിസ്റ്റ് തയ്യാറാക്കേണ്ടതും മറ്റും ഐഡിഡിപിയും ടി ആര്‍ഡിഎം ഉം ആണ്. 2004 മുതല്‍ എസ് ടി വകുപ്പിന് കീഴിലുള്ള ഈ സര്‍ക്കാര്‍ സ്ഥാപനം ഇത് വരെയായി 229 ആദിവാസി ജനങ്ങള്‍ക്കാണ് തൊഴില്‍ നല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനം എസ് ടി വിഭാഗത്തിന് തൊഴില്‍ കൊടുക്കാതെ സ്വകാര്യ സ്ഥാപനം കൊടുക്കുമെന്ന് പറയുന്നത് ആരെ വഞ്ചിക്കുവാനാണെന്ന് സെക്രട്ടറി കെ ടി ജോസ് വാര്‍ത്താകുറിപ്പില്‍ ചൂണ്ടികാട്ടി.

സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ജില്ലാ കളക്ടറും സബ്ബ് കളക്ടറും ഉള്‍പ്പെടുന്ന ഫാം മാനേജ്മെന്റിന്റെ താത്പര്യം സംശയാസ്പദമാണ്. ഫാം കാണാത്ത കളക്ടര്‍ക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും കൃഷി ഭൂമിയും തരിശ് ഭൂമിയും എങ്ങനെ തിരിച്ചറിയും. നിലവിലെ കൃഷിഭൂമിയിലും തരിശുഭൂമിയിലും നാണ്യവിളകളുമുള്‍പ്പെടെ കൃഷി ചെയ്യുകയും പുനരധിവാസ മേഖലയിലെ ജനങ്ങള്‍ക്ക് തൊഴില്‍കൊടുക്കുകയുമാണ് ഫാം അടിയന്തിരമായും ചെയ്യേണ്ടതെന്നും ആറളം സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം ലേബര്‍ യൂനിയന്‍(എഐടിയുസി)സെക്രട്ടറി കെ ടി ജോസ് പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed