മലയാളം സാഹിത്യ താരാവലി പ്രദർശനം സംഘടിപ്പിച്ചു
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് മലയാള ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ താവക്കര ഗവ. യു പി സ്‌കൂളിൽ മലയാള സാഹിത്യ താരാവലി പ്രദർശനം സംഘടിപ്പിച്ചു. ഐപിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സാഹിത്യം അനുഭവങ്ങളുടെ കാണാത്ത ലോകങ്ങൾ തുറന്നു നൽകുമെന്നും മനസ്സുകളെ വിശാലമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷയുടെ ശേഷിപ്പുകളായ എഴുത്തുകാരുടെ രചനകളെ നമ്മൾ മനസ്സിലാക്കുമ്പോൾ നമ്മുടെ നാട് എങ്ങിനെയുള്ളതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ പ്രധാനധ്യാപകൻ പ്രശാന്തൻ കെ വി അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ് മുഖ്യാതിഥിയായി. അധ്യാപികമാരായ സി കെ രജനി, ടി പി സുജാത, പിടിഎ പ്രസിഡൻറ് രമ്യ കെ എന്നിവർ സംസാരിച്ചു.
മലയാളത്തിലെ പ്രമുഖരായ കവികൾ, കഥാകൃത്തുക്കൾ, നോവലിസ്റ്റുകൾ, വിമർശക പ്രതിഭകൾ എന്നിരുടെ ചിത്രങ്ങളും വിവരങ്ങളും കോർത്തിണക്കി നടത്തിയ പ്രദർശനം കുട്ടികൾ കണ്ടും ചോദിച്ചും അറിഞ്ഞ് ആസ്വദിച്ചു. സ്‌കൂളിൽ മഹാത്മഗാന്ധിയുടെ അപൂർവ്വ ഫോട്ടോകളുടെ പ്രദർശനവും നാടൻ ഭക്ഷ്യവിഭവങ്ങളുടെയും പഴയകാല വീട്ടുപകരണങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.