തിരുവനന്തപുരം കോർപ്പറേഷന് യു.എൻ.-ഷാങ്ഹായ് ഗ്ലോബൽ പുരസ്കാരം
യു.എന്‍. ഹാബിറ്റാറ്റിൻ്റെയും, ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലുള്ള ആഗോള സംരംഭമാണ് നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള പുരസ്കാരത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷനെ തിരഞ്ഞെടുത്തത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ, ബ്രസീലിലെ സാൽവഡോർ, ചൈനയിലെ ഫൂചൗ, മലേഷ്യയിലെ ജോർജ് ടൗൺ, ഉഗാണ്ടയിലെ കംപാല തുടങ്ങിയ നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം നേടിയത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യത്തെ നഗരമാണ് തിരുവനന്തപുരം. ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സി ഇ ഒ രാഹുൽ ശർമ്മയും പുരസ്കാരം ഏറ്റുവാങ്ങി. ഫലകവും ട്രോഫിയുമാണ് സമ്മാനം.
നഗരങ്ങളുടെ പുരോഗതി, ഭരണം, പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ നിന്ന് സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കും, നഗരസുരക്ഷാ മാനദണ്ഡങ്ങള്‍ക്കും, നഗര ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗത്ത് നിന്നുള്ള വിദഗ്ധർ അടങ്ങിയ അന്താരാഷ്ട്ര ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ഈ പുരസ്കാരം കേരളത്തിനായുള്ള ദീപാവലി സമ്മാനമായി ഫേസ്ബുക്ക് കുറിപ്പിൽ എം.ബീ. രാജേഷ് പങ്കുവെച്ചു. രണ്ട് മാസം മുൻപാണ് കേന്ദ്രസർക്കാരിൻ്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്കാരം നഗരസഭ സ്വന്തമാക്കിയത്. കേന്ദ്രസർക്കാരിൻ്റെ ഹൗസിംഗ് ആൻഡ് ഡെവലപ്മെൻ്റ് കോർപറേഷൻ ഏർപ്പെടുത്തിയ രണ്ട് ദേശീയ പുരസ്കാരങ്ങൾ രണ്ട് ആഴ്ച മുൻപാണ് തിരുവനന്തപുരം നഗരസഭ സ്വന്തമാക്കിയത്. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന് കീഴിലെ ഹഡ്കോ ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ രണ്ട് വിഭാഗത്തിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളുടെ മികവിൻ്റെ അടിസ്ഥാനത്തിൽ സിറ്റി 2.0 യ്ക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ അപൂർവം നഗരങ്ങളിലൊന്നാവാനും തിരുവനന്തപുരത്തിന് കഴിഞ്ഞു.